തമിഴ് നടൻ ശിവാജി ഗണേശന്റെ മകൾ ശാന്തി നാരായണസാമി അന്തരിച്ചു
text_fieldsചെന്നൈ: തമിഴ് സിനിമയുടെ ഇതിഹാസ താരം അന്തരിച്ച ശിവാജി ഗണേശന്റെ മൂത്ത മകളും നിർമാതാവുമായ ശാന്തി നാരായണസാമി (71) ചെന്നൈയിൽ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന അവർ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് അന്തരിച്ചത്.
ശിവാജി ഗണേശന്റെയും കമല ഗണേശന്റെയും ആദ്യത്തെ മകളായാണ് ശാന്തി ജനിച്ചത്. പ്രശസ്ത നിർമാതാവ് രാംകുമാർ, നടൻ പ്രഭു, തെൻമൊഴി എന്നിവരാണ് സഹോദരങ്ങൾ. സിനിമാ നിർമാണ രംഗത്തും സജീവമായിരുന്ന അവർ ശിവാജി പ്രൊഡക്ഷൻസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് ശിവാജി ഗണേശൻ നായകനായ 1974-ലെ സൂപ്പർ ഹിറ്റ് ചിത്രം 'തങ്കപതക്കം', 'വെട്രി വിജാ' (1989) തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ അവർ നിർമിച്ചിട്ടുണ്ട്. ചെന്നൈയിലെ അണ്ണാശാലയിൽ ശിവാജി ഗണേശൻ സ്ഥാപിച്ച പ്രശസ്ത ശാന്തി തിയറ്റർ എന്ന സിനിമാ തിയറ്ററിന് അദ്ദേഹത്തിന്റെ മൂത്ത മകളായ ശാന്തിയുടെ പേരാണ് നൽകിയിരുന്നത്. പിൽക്കാലത്ത് ഈ തിയറ്റർ പൊളിച്ചുമാറ്റിയിരുന്നുവെങ്കിലും തമിഴ് സിനിമ ചരിത്രത്തിൽ അതൊരു നാഴികക്കല്ലായിരുന്നു.
ശാന്തി നാരായണസാമിയുടെ ഭൗതികശരീരം വലസരവാക്കത്തുള്ള അവരുടെ വസതിയിൽ പൊതുദർശനത്തിന് വെച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാ ലോകത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ അവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ നാസർ, മുതിർന്ന നടൻ ശിവകുമാർ, സംവിധായകൻ പി. വാസു തുടങ്ങിയ പ്രമുഖ സിനിമാ വ്യക്തിത്വങ്ങളും രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. അന്തിമ സംസ്കാര ചടങ്ങുകൾ ഞായറാഴ്ചയോടെ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

