Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോട്ടിപ്പണി ചെയ്യാൻ തയ്യാറാണെങ്കിൽ സവർണ വിഭാഗങ്ങൾക്ക് 50,000 രൂപ നൽകാമെന്ന് മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേല; വിമർശനവുമായി ബി.ജെ.പി

text_fields
bookmark_border
Former Gujarat Chief Minister Shankersinh Vaghela addressing the gathering
cancel
camera_alt

ശങ്കർസിങ് വഗേല

അഹമ്മദാബാദ്: സംവരണത്തെ എതിർക്കുന്ന സവർണ സമുദായങ്ങൾക്കെതിരെ രൂക്ഷമായ പരാമർശവുമായി മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേല. തോട്ടിപ്പണി ചെയ്യാൻ തയ്യാറാണെങ്കിൽ പട്ടേൽ, വാണിയ, ബ്രാഹ്മണ സമുദായങ്ങളിലെ അംഗങ്ങൾക്ക് പ്രതിമാസം 50,000 രൂപ ശമ്പളം നൽകാമെന്ന വഗേലയുടെ പ്രസ്താവനയാണ് ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. പരാമർശത്തിനെതിരെ ജാതീയതയും സാമൂഹിക സ്പർദ്ധയും വളർത്തുന്നുവെന്ന് ആരോപിച്ച് ഭരണകക്ഷിയായ ബി.ജെ.പി ശക്തമായി രംഗത്തെത്തി.

ഗാന്ധി ജയന്തി ദിനത്തിൽ നർമദ ജില്ലയിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ സാഗ്ബാരയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു 86-കാരനായ മുതിർന്ന നേതാവ്. സംവരണ ആനുകൂല്യങ്ങളെ അനുകൂലിച്ചും, സംവരണം എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്നവരെ നിശിതമായി വിമർശിച്ചുമാണ് മുൻ രാജ്യസഭാ എം.പി കൂടിയായ വഗേല സംസാരിച്ചത്.

"സംവരണം ആരുടെയും ഔദാര്യമല്ല; ഒരു ജീവിതകാലം മുഴുവൻ അനുഭവിച്ച യാതനകളിലൂടെയും പീഡനങ്ങളിലൂടെയും നേടിയെടുത്ത അവകാശമാണത്. പട്ടേലോ വാണിയോ ബ്രാഹ്മണനോ ആകട്ടെ, സംവരണത്തെ എതിർക്കുന്ന എല്ലാവരോടുമായി ഞാൻ പറയുകയാണ്: നിങ്ങൾ തോട്ടിപ്പണി ചെയ്യാൻ തയ്യാറാണെങ്കിൽ, ഈ മനുഷ്യരുടെ വിസർജ്ജ്യം വൃത്തിയാക്കാൻ ഞാൻ നിങ്ങൾക്ക് മാസംതോറും 50,000 രൂപ ശമ്പളം തരാം. ആദിവാസി ജനവിഭാഗങ്ങൾ ജീവിക്കുന്ന അതേ സാഹചര്യങ്ങളിൽ നിങ്ങൾ കുറച്ചുകാലം ജീവിച്ചാൽ മാത്രമേ അവരുടെ യഥാർത്ഥ ദുരിതം എന്താണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കൂ."

— ശങ്കർസിങ് വഗേല തുറന്നടിച്ചു.

നൂറ്റാണ്ടുകളായി അനുഭവിച്ച അനീതികൾക്കുള്ള നഷ്ടപരിഹാരമാണ് സംവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഗേല വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ ഈ ശക്തമായ പ്രതികരണം വന്നിരിക്കുന്നത്.

'എന്റെ വീട്ടിലെ വിസർജ്ജ്യം വൃത്തിയാക്കൂ, 5 ലക്ഷം തരാം': ബി.ജെ.പി തിരിച്ചടി

വഗേലയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവും പാർട്ടിയുടെ പ്രമുഖ ബ്രാഹ്മണ മുഖവുമായ യഗ്നേഷ് ദവെ രംഗത്തെത്തി. വിവിധ ജാതികൾ തമ്മിൽ ശത്രുത വളർത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് തോട്ടിപ്പണി പൂർണമായും തുടച്ചുനീക്കിയതാണെന്നും, ഈ വിഭാഗങ്ങൾക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം മുൻ സർക്കാരുകളും നിലവിലെ സർക്കാരും ഉറപ്പാക്കിയിട്ടുണ്ടെന്നും ദവെ അവകാശപ്പെട്ടു.

'ബ്രാഹ്മണ, പട്ടേൽ, ബനിയ വിഭാഗങ്ങൾക്ക് തോട്ടിപ്പണി ചെയ്യാൻ 50,000 രൂപ നൽകാമെന്ന വഗേലയുടെ പ്രസ്താവന തികച്ചും തെറ്റാണ്. ഈ 'മഹത്തായ ജോലി' സ്വന്തം ജാതിയിൽ നിന്ന് തുടങ്ങാനാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. വഗേല തന്നെ അത് സ്വന്തമായി തുടങ്ങണം. എന്റെ വീട്ടിലെ മാലിന്യങ്ങൾ വന്ന് വൃത്തിയാക്കാൻ തയ്യാറാണെങ്കിൽ ഞാൻ അദ്ദേഹത്തിന് 5 ലക്ഷം രൂപ നൽകാം,' ദവെ തിരിച്ചടിച്ചു. ഇത്തരം രാഷ്ട്രീയ പ്രസ്താവനകൾ നടത്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ആലോചിക്കണമെന്നും, ബ്രാഹ്മണ സമൂഹത്തെ പ്രകോപിപ്പിക്കുന്നത് നിസ്സാരമായി കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Row Erupts as Ex-Gujarat CM Shankersinh Vaghela Offers ₹50,000 to Upper Castes for Manual Scavenging
Next Story