പശുക്കളെ പാർലമെന്‍റിൽ കയറ്റണം, ഇല്ലെങ്കിൽ പശുക്കളുമായി പാർലമെന്‍റിലേക്കെത്തും -ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്
text_fieldsന്യൂഡൽഹി: സെൻട്രൽ വിസ്തയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ഒരു പശുവിനെ കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നുവെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്. പശുവിന്റെ പ്രതിമ പാർലമെന്റിനകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയുമെങ്കിൽ ജീവനുള്ള പശുവിനെ എന്തുകൊണ്ട് അകത്തേക്ക് കൊണ്ടുപോയിക്കൂടാ എന്ന് അദ്ദേഹം ഞായറാഴ്ച മാധ്യമപ്രവർത്തകരോട് ചോദിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിച്ച ചെങ്കോലിൽ കൊത്തിവെച്ച പശുവിന്‍റെ രൂപമുണ്ട്. ആശീർവാദം നൽകാൻ ഒരു യഥാർത്ഥ പശുവിനെയും കെട്ടിടത്തിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. കാലതാമസം ഉണ്ടായാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഞങ്ങൾ പശുക്കളെ പാർലമെന്റിലേക്ക് കൊണ്ടുവരും. ഇത് പ്രധാനമന്ത്രിക്കും കെട്ടിടത്തിനും ഒരു യഥാർത്ഥ പശുവിന്റെ അനുഗ്രഹം ഉറപ്പാക്കും -അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന ഗോശാല "രാമധം" വേണമെന്ന് ശങ്കരാചാര്യർ ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ആകെ 4,123 രാമധാമങ്ങൾ നിർമ്മിക്കും. ദൈനംദിന പശു സംരക്ഷണം തദ്ദേശീയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷെൽട്ടറുകളാകും അവയെന്നും അദ്ദേഹം വ്യക്തമാക്കി.
പശുക്കളെ ആദരിക്കാൻ മഹാരാഷ്ട്ര സർക്കാർ ഉടൻ ഒരു പ്രോട്ടോക്കോൾ തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുവിനെ എങ്ങനെ ബഹുമാനിക്കണമെന്ന് സംസ്ഥാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആളുകൾക്ക് അത് പിന്തുടരാൻ കഴിയുന്ന തരത്തിൽ ഒരു പ്രോട്ടോക്കോൾ അന്തിമമാക്കുകയും അതിന്റെ ലംഘനത്തിന് ശിക്ഷ നിശ്ചയിക്കുകയും വേണം -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

