ഗോദ്സെ ഭക്തയെ ഡീൻ ആക്കിയതിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗോദ്സെയെ പുകഴ്ത്തിയ കാലിക്കറ്റ് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നല്കിയ നടപടിയിൽ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഗോദ്സെയെ മഹത്വവത്കരിക്കുന്നതിന്റെ ഭാഗമാണ് സ്ഥാനക്കയറ്റമെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമര്‍ശിച്ചു.
ഇന്ത്യയെ രക്ഷിച്ചതിന് ഗോദ്സെയിൽ അഭിമാനിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ കേരളത്തിലെ പ്രഫസറെ മോദി സർക്കാർ എൻ.ഐ.ടി ഡീൻ ആക്കി. ഇതെല്ലാം മോദിയുടെ മാനസികാവസ്ഥയുടെ ഭാഗമാണെന്നും ഗോദ്സെയെ മഹത്വവത്കരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു.
ഇതിനു പിന്നാലെ സ്ഥാനക്കയറ്റത്തിനെതിരെ കെ.സി. വേണുഗോപാലും രംഗത്തുവന്നു. വീണ്ടും വീണ്ടും ബി.ജെ.പി തനിനിറം കാണിക്കുന്നുവെന്ന് അദ്ദേഹം ‘എക്സി’ൽ കുറിച്ചു. ഷൈജ ആണ്ടവന്റെ ഗാന്ധി വിരുദ്ധതക്കുള്ള വ്യക്തമായ അംഗീകാരമാണ് സ്ഥാനക്കയറ്റം. ഗോദ്സെയുടെ വിദ്വേഷം നിറഞ്ഞ അജണ്ടയെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുള്ള അവരുടെ മാർഗമാണിതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഗോദ്സെയെ പ്രകീർത്തിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ തുടങ്ങിയില്ല. ഇതിനിടെയാണ് സീനിയോറിറ്റി ക്രമം അട്ടിമറിച്ച് ഷൈജക്ക് സുപ്രധാന ചുമതലകൾ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

