
ആര്യൻ കേസ്; ഷാരൂഖിന്റെ മാനേജരെ രണ്ടാം തവണയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മുംബൈ പൊലീസ്
text_fieldsമുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മുംബൈ പൊലീസ്. ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിലെ കോഴയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം പൂജ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. കേസിൽ ഹാജരാകാൻ പൂജക്ക് മൂന്നാമത്തെ സമൻസ് അയക്കും. ഇതുവരെ 20ഓളം പേരുടെ മൊഴി രേഖെപ്പടുത്തിയെന്നും പൊലീസ് പറഞ്ഞു.
തുടർച്ചയായ രണ്ടാംതവണയാണ് പൂജ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ വിട്ടുനിന്നത്. മുംബൈ പൊലീസിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് കോഴ ആരോപണത്തിൽ അന്വേഷണം.
മുംബൈ തീരത്തെത്തിയ കോർഡെലിയ കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മുംബൈ പൊലീസ് ഒക്ടോബർ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. ആര്യനെ കൂടാതെ 20 പേരോളം പേർ കേസിൽ അറസ്റ്റിലായി. ആര്യനെ പുറത്തിറക്കാൻ പൂജ ദദ്ലാനി 50ലക്ഷം രൂപ സാക്ഷികളിലൊരാളായ കെ.പി. ഗോസാവിക്ക് കൈമാറിയെന്ന സാം ഡിസൂസയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം. പണമിടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് സാം ഡിസൂസയാണെന്നും പറയുന്നു.
