കുംഭമേളക്കായി നൂറ്റാണ്ടിലധികം പഴക്കമുള്ള ഷാഹി മസ്ജിദിന്‍റെ ഒരുഭാഗം പൊളിച്ചുനീക്കുന്നു; ഉജ്ജയിനിൽ സംഘർഷം
text_fieldsഇൻഡോർ: പ്രദേശവാസികളുടെ പ്രതിഷേധം വകവെക്കാതെ ഉജ്ജയിനിലെ ചരിത്രപ്രസിദ്ധവും നൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ ഷാഹി മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കുന്നതിൽ സംഘർഷം.
വൻ പൊലീസ് സാന്നിധ്യത്തിലാണ് ഭരണകൂടം മസ്ജിദിന്‍റെ ഒരുഭാഗം പൊളിച്ചുനീക്കുന്നത്. പ്രതിഷേധക്കാർക്കുനേരെ പൊലീസ് ബലംപ്രയോഗിച്ചതാണ് സംഘർഷത്തിനു കാരണമായത്. പൊലീസിനുനേരെ കല്ലേറുണ്ടായി. തിങ്കളാഴ്ച രാവിലെ മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള ഉജ്ജയിൻ മുനിസിപ്പർ കോർപറേഷന്‍റെ നീക്കം പ്രദേശവാസികൾ തടഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസിനുനേരെ കല്ലേറുണ്ടായി. രണ്ട് ദിവസമായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
2028ൽ നടക്കുന്ന സിംഹസ്ത കുംഭമേളക്കു മുന്നോടിയായാണ് കാന്താൾ ചൗരഹക്കും ഗോപാൽ മന്ദിറിനും ഇടയിലുള്ള 900 മീറ്റർ റോഡ് 15 മീറ്ററായി വീതികൂട്ടുന്നത്. ഇതിനായാണ് മസ്ജിദിന്‍റെ ഒരുഭാഗം പൊളിക്കുന്നത്. മസ്ജിദ് വഖഫ് സ്വത്താണെന്നും മറ്റൊരു ഭാഗത്തുകൂടി റോഡ് വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഹൈകോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. 2,000ഓളം സുരക്ഷ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. പള്ളിക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് 500 മീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നൂറുകണക്കിന് പ്രദേശവാസികൽ രണ്ടു ദിവസമായി രാത്രിയിൽ പള്ളിക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മസ്ജിദ് പൊളിക്കാനുള്ള നീക്കം അധികൃതർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പള്ളി പൊളിക്കുന്നത് തടയാനാണ് തങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ അകത്ത് തുടരുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയികുന്നു. പ്രദേശവാസികളുമായും പള്ളി കമ്മിറ്റി അംഗങ്ങളുമായും ചർച്ച നടത്തി വിഷയം രമ്യമായി പരിഹരിക്കാനാണ് നിലവിൽ ശ്രമിക്കുന്നതെന്ന് ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ പ്രതികരിച്ചിരുന്നു.
എന്നാൽ, തിങ്കളാഴ്ച രാവിലെ പ്രതിഷേധം വകവെക്കാതെയാണ് അധികൃതർ ബലമായി പൊളിച്ചുനീക്കൽ നടപടി ആരംഭിച്ചത്. ഗതാഗത സൗകര്യമൊരുക്കലും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് അനിവാര്യമായ പൊതുതാൽപര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി മസ്ജിദിന്റെ ഭാഗങ്ങൾ പൊളിക്കാൻ അനുമതി നൽകിയത്. ഉജ്ജയിൻ ഡെവലപ്മെന്റ് പ്ലാൻ 2035 പ്രകാരമാണ് റോഡ് വീതികൂട്ടൽ നടക്കുന്നത്. നോട്ടീസ് നൽകി പരാതികൾ കേൾക്കാനുള്ള അവസരം നൽകിയ ശേഷമാണ് കോർപ്പറേഷൻ തീരുമാനമെടുത്തതെന്നും കോടതി പറഞ്ഞു.
അതേസമയം, നൂറ്റാണ്ടിലധികം പഴക്കമുള്ള പൈതൃക ആരാധനാലയമാണിതെന്നാണ് പള്ളി കമ്മിറ്റി പറയുന്നു. 15 മീറ്റർ വീതിയിൽ റോഡ് നിർമിക്കാനായി പള്ളിയുടെ പ്രാർഥനാ ഹാളിന്റെ (ജമാഅത്ത് ഖാന) ഒരു ഭാഗം, 120 അടി ഉയരമുള്ള മിനാരം, മസ്ഹർ ചൗക്ക് ഷാഹി എന്നിവ പൊളിച്ചുമാറ്റുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

