വിമൽ പരസ്യ വിവാദം; ഷാരൂഖ് ഖാനും അജയ് ദേവ്ഗണും ടൈഗർ ഷ്രോഫിനും കാരണം കാണിക്കൽ നോട്ടീസ്
text_fieldsമുംബൈ: നിരോധിത ഉൽപ്പന്നമായ വിമൽ പാൻ മസാല പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കാരണം കാണിക്കൽ നോട്ടീസ് നൽകി. മഹാരാഷ്ട്രയിൽ പൂർണ്ണമായി നിരോധിച്ചിട്ടുള്ള പാൻ മസാലയെ ‘വിമൽ ഏലച്ചി’ എന്ന പേരിൽ പരോക്ഷമായി പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി.
2024ൽ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർ ഒരുമിച്ചെത്തിയ പരസ്യമാണ് ഇപ്പോൾ എഫ്.ഡി.എയുടെ പരിശോധനക്ക് വിധേയമായിരിക്കുന്നത്. ഏലച്ചി (ഏലക്കായ) ഉൽപന്നം പ്രചരിപ്പിക്കുന്നതാണെന്ന് പരസ്യത്തിൽ പറയുന്നുണ്ടെങ്കിലും ഇതിലൂടെ അതേ ബ്രാൻഡിലുള്ള പാൻ മസാലയെ പരോക്ഷമായി പ്രമോട്ട് ചെയ്യുന്നതാണെന്നാണ് അധികൃതരുടെ നിലപാട്.
പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻ മസാല തുടങ്ങിയ നിരോധിത ഉൽപന്നങ്ങളുടെ പരസ്യം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നോട്ടീസിന് താരങ്ങൾ നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി സംബന്ധിച്ച് അധികൃതർ തീരുമാനിക്കുക. പരസ്യത്തിലെ പങ്കിനെക്കുറിച്ച് വിശദീകരിക്കാൻ മൂന്ന് താരങ്ങളോടും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അജയ് ദേവ്ഗണിന്റെ ജുഹുവിലുള്ള വസതിയിലേക്കും ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ മന്നത്തിലേക്കും ടൈഗർ ഷ്രോഫിന്റെ ടൈഗർ ഷ്രോഫ് പ്രൊഡക്ഷൻസ് എൽ.എൽ.പി എന്ന പ്രൊഡക്ഷൻ ഹൗസ് വഴിയുമാണ് നോട്ടീസുകൾ അയച്ചിട്ടുള്ളത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമം 2006 ലെ സെക്ഷൻ 30(2)(എ) പ്രകാരം മഹാരാഷ്ട്ര സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർ 2026 ജൂലൈ 13ന് പുറപ്പെടുവിച്ച നിരോധന ഉത്തരവ് അനുസരിച്ച് മഹാരാഷ്ട്രയിൽ പാൻ മസാലയുടെ നിർമാണം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന എന്നിവ ഒരു വർഷത്തേക്ക് നിരോധിച്ചിരുന്നു. പരസ്യത്തിന്റെ അവതരണം, സംഭാഷണം, ഉൽപ്പന്നത്തിന്റെ പേര്, വിപണി സാഹചര്യം എന്നിവ പരിശോധിക്കുമ്പോൾ നിരോധിത പുകയില ഉൽപ്പന്നത്തിന്റെ പരോക്ഷമോ സറോഗേറ്റോ ആയ പ്രചാരണമാണോ ഇത് എന്നതിൽ ഗുരുതരമായ സംശയം ഉയർത്തുന്നുണ്ടെന്ന് എഫ്.ഡി.എ. ചൂണ്ടിക്കാട്ടി. മൂന്ന് നടന്മാരും ഇതിൽ ബ്രാൻഡ് അംബാസഡർമാരായാണ് എത്തുന്നത്.
പരസ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ അക്ഷയ് കുമാറിന്റെ പേരും നേരത്തെ ഉയർന്നിരുന്നു. ഷാരൂഖ് ഖാനും അജയ് ദേവ്ഗണിനുമൊപ്പം അക്ഷയ് കുമാറും പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിനെതിരെ വലിയ വിമർശനം ഉയർന്നതിനെ തുടർന്ന് അക്ഷയ് കുമാർ പരസ്യത്തിൽനിന്ന് പിന്മാറുകയും ആരാധകരോട് പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് പകരക്കാരനായാണ് ടൈഗർ ഷ്രോഫ് പുതിയ പരസ്യത്തിൽ എത്തിയത്.
2025ൽ ജയ്പൂരിലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറവും ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കും ജെബി ഇൻഡസ്ട്രീസിന്റെ ചെയർമാനും നോട്ടീസ് നൽകിയിരുന്നു. പരസ്യത്തിൽ പാൻ മസാലയിൽ കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന തരത്തിലുള്ള അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന പരാതിയിലായിരുന്നു അന്നത്തെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

