താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്‍റേത്, ഷാജഹാൻ പിടിച്ചെടുക്കുകയായിരുന്നു -ബി.ജെ.പി. എം.പി
text_fieldsജയ്പൂർ: ആഗ്രയിൽ താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്‍റേതായിരുന്നെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ പിന്നീട് പിടിച്ചെടുക്കുകയായിരുന്നെന്നും ബി.ജെ.പി എം.പി ദിയ കുമാരി. കോടതി ആവശ്യപ്പെട്ടാൽ തെളിവുകൾ നൽകാമെന്നും ദിയ കുമാരി മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ കൈവശമുള്ള രേഖകൾ പ്രകാരം താജ്മഹൽ നിൽക്കുന്ന ഭൂമിയിൽ ഒരു കൊട്ടാരമായിരുന്നു. ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേതായിരുന്നു. ഷാജഹാൻ അദ്ദേഹത്തിന്റെ ഭരണകാലത്ത് അത് പിടിച്ചെടുക്കുകയായിരുന്നു -ബി.ജെ.പി നേതാവ് പറയുന്നു.
ഷാജഹാന് ഇഷ്ടപ്പെട്ടതിനാൽ അദ്ദേഹം ആ ഭൂമി സ്വന്തമാക്കിയതായി രേഖകൾ പറയുന്നു. അതിന് പകരമായി നഷ്ടപരിഹാരം നൽകിയതായും കേട്ടിട്ടുണ്ട്. കോടതി നിർദ്ദേശിച്ചാൽ ഞങ്ങൾ രേഖകൾ നൽകുമെന്നും ദിയ കുമാരി വ്യക്തമാക്കി.
താജ്മഹലിലെ അടച്ചിട്ട 22 മുറികളിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിൽ ആഴ്ചകൾക്ക് മുമ്പ് ഹരജി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. എം.പിയുടെ പ്രസ്താവന.