തമിഴ്‌നാട് ഭരണകൂടത്തിൽ 'രഹസ്യ ഉപദേശകർ'? ഔദ്യോഗിക പദവിയിൽ ഇല്ലാത്തവർ നാട് ഭരിക്കുന്നു; വിജയ് സർക്കാറിനെതിരെ രൂക്ഷ വിമർശനം
text_fieldsതമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രവർത്തനം തുടങ്ങി 50 ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ ഭരണകൂടത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് പുതിയൊരു വിവാദം ഉയരുകയാണ്. ഔദ്യോഗികമായി സർക്കാർ പദവികളൊന്നും വഹിക്കാത്ത രണ്ട് വ്യക്തികൾ ജോൺ ആരോക്യസാമിയും വിഷ്ണു റെഡ്ഡിയും പ്രധാനപ്പെട്ട സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുകയും ഭരണപരമായ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപണം.
ജൂലൈ മൂന്നിന് നടന്ന സർക്കാർ ആലോചനാ യോഗത്തിൽ വിഷ്ണു റെഡ്ഡി പങ്കെടുത്തതാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. കന്യാകുമാരിയിലെ അണുശക്തി ധാതുക്കൾ ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന ആ യോഗത്തിൽ പ്രകൃതിവിഭവ മന്ത്രി ടി.കെ. പ്രഭു അധ്യക്ഷനായിരുന്നു. ഈ യോഗത്തിൽ മറ്റ് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പം വിഷ്ണു റെഡ്ഡിയും ഇരിക്കുന്ന ചിത്രങ്ങൾ മന്ത്രി തന്നെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചത് ഏറെ ചർച്ചയായി. ഡി.എം.കെ ആദ്യം ഉന്നയിച്ച ഈ വിഷയം ഇപ്പോൾ ബി.ജെ.പിയും ഏറ്റെടുത്തിരിക്കുകയാണ്.
ഈ വിഷയത്തിൽ ഗവർണറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പ്രതിനിധി സംഘം രാജ്ഭവനിലെത്തി പരാതി നൽകി. ജൂൺ 5-ന് നടന്ന തമിഴ്‌നാട് മന്ത്രിസഭാ യോഗത്തിൽ ഈ രണ്ട് വ്യക്തികളും പങ്കെടുത്തതായും ബി.ജെ.പി ആരോപിക്കുന്നു. സർക്കാർ പദവികളില്ലാത്ത സ്വകാര്യ വ്യക്തികൾ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
ബി.ജെ.പിക്ക് മുൻപേ തന്നെ ഡി.എം.കെ ഈ വിഷയത്തിൽ സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഔദ്യോഗിക നിയമപ്രകാരം കേസെടുക്കണമെന്നാണ് അവരുടെ ആവശ്യം. മന്ത്രിസഭാ തീരുമാനങ്ങളും അതീവ രഹസ്യ സ്വഭാവമുള്ള സർക്കാർ ഫയലുകളും അംഗീകൃതമല്ലാത്ത വ്യക്തികൾക്ക് ലഭ്യമാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഡി.എം.കെ ഓർഗനൈസേഷൻ സെക്രട്ടറി ആർ.എസ്. ഭാരതി ആരോപിക്കുന്നു. മാത്രമല്ല, ഇവർക്ക് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം പ്രത്യേക മുറികൾ നൽകിയിട്ടുണ്ടെന്നും പല സർക്കാർ കാര്യങ്ങൾക്കും ഇവരെ സമീപിക്കാൻ ജനങ്ങളോട് നിർദ്ദേശിക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, ഈ ആരോപണങ്ങളോട് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സർക്കാരിൽ ഇവരുടെ യഥാർഥ പദവി എന്താണെന്ന് വ്യക്തമാക്കുന്ന ഉത്തരവുകളോ നിയമന അറിയിപ്പുകളോ പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളാണ് ഇവരെന്ന കാര്യത്തിൽ സെക്രട്ടേറിയറ്റ് വൃത്തങ്ങൾക്കും മറു അഭിപ്രായമില്ലെങ്കിലും, ഇവരുടെ ഔദ്യോഗിക പദവി സംബന്ധിച്ച് മന്ത്രിമാർക്കും വ്യക്തതയില്ല. നേരത്തെയും ചില നിയമനങ്ങളുടെ കാര്യത്തിൽ സർക്കാർ സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്നു. ഭരണപരമായ സുതാര്യതയും നിയമനങ്ങളിലെ കൃത്യതയും ഉറപ്പാക്കാൻ സർക്കാർ ഉടൻ മറുപടി നൽകേണ്ടതുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

