യു.ജി.സി നെറ്റ് ക്രമക്കേട്; ‘ചലോ എൻ.ടി.എ’ പ്രക്ഷോഭവുമായി എസ്.എഫ്.ഐ
text_fieldsന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷകളിൽ നടന്ന ക്രമക്കേടുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നാഷനൽ ടെസ്റ്റിങ് ഏജൻസി ഓഫിസിന് മുന്നിൽ പ്രതിഷേധവുമായി എസ്.എഫ്.ഐ. എൻ.ടി.എ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർ ഏജൻസി പിരിച്ചുവിടണമെന്നും പരീക്ഷാ ക്രമക്കേടിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കളെ ഡൽഹി പൊലീസ് തടഞ്ഞുവെച്ചതായി എസ്.എഫ്.ഐ അറിയിച്ചു. ഡൽഹി പ്രസിഡന്‍റ് സൂരജ് എളമൺ, സംസ്ഥാന ഭാരവാഹികളായ മെഹിന ഫാത്തിമ, ആരിഫ് സിദ്ദിഖി, സഖി, അനിൽ, സോഹൻ എന്നിവരെയാണ് പൊലീസ് തടഞ്ഞുവെച്ചത്.
സമാധാനപരമായി പ്രതിഷേധം നടത്തിയവരെ പൊലീസ് അകാരണമായി മർദിച്ചതായി എസ്.എഫ്.ഐ ആരോപിച്ചു. എന്നാൽ, ഡൽഹി പൊലീസ് ആരോപണം നിഷേധിച്ചിട്ടുണ്ട്. എസ്.എഫ്.ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്ത നടപടിയെ എസ്.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അപലപിച്ചു. വിദ്യാർഥി പ്രക്ഷോഭങ്ങളെ നിശ്ശബ്ദമാക്കുന്നതിനുള്ള നീക്കമാണിതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സാങ്കേതിക കാരണങ്ങളാൽ ജലന്ധർ സെന്‍ററിൽ നടന്ന പരീക്ഷ റദ്ദാക്കൽ, പല വിഷയങ്ങളിലും ചോദ്യങ്ങൾ ആവർത്തിച്ചത്, സ്പെല്ലിങ്ങിലും വസ്തുതാപരമായ കാര്യങ്ങളിലുമുള്ള പിശക്, എ.ഐ ഉപയോഗിച്ച് നിർമിച്ച ചോദ്യങ്ങൾ എന്നീ ക്രമക്കേടുകളിൽ അന്വേഷണം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

