കൊണാട്ട് പ്ലേസിൽ ഇടതുസംഘടനകളുടെ സംയുക്ത പ്രതിഷേധം: ആദർശിനും ജെയ്ക്കിനും പരിക്ക്, ബ്രിട്ടാസിനെ അറസ്റ്റ് ചെയ്ത് പകുതി വഴിയിലിറക്കി വിട്ടു
text_fieldsന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കൊണാട്ട് പ്ലേസിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ് സംയുക്ത പ്രതിഷേധം. വിദ്യാർഥികളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. എസ്.എഫ്.ഐ നേതാവ് ആദർശിനും ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്കിനും പരിക്കേറ്റു. എം.പി ജോൺ ബ്രിട്ടാസിനെ അറസ്റ്റ് ചെയ്ത ശേഷം വഴിയിലിറക്കി വിട്ടു. വാഹനത്തിൽ കയറ്റിയ ശേഷം തന്നെ ക്രൂരമായി മർദിച്ചുവെന്ന് ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. ഡി.സി.പി ആവശ്യപ്പെട്ടതോടെയാണ് തന്നെ ഇറക്കി വിട്ടതെന്നും താൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് രാജി വെക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. സൻസദ് മാർഗിലേക്ക് മാർച്ചിന് ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. ഇന്നലെ സി.ജെ.പി നേതൃത്വത്തിൽ പ്രതിഷേധത്തിനെത്തിയ മൂവായിരത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയവരെയും കേരളത്തിൽ നിന്നുള്ള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വെസ്റ്റ് ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.
പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയിൽ യു.എൻ മനുഷ്യാവകാശ കമ്മീഷനും ആശങ്ക അറിയിച്ചു. അറസ്റ്റ് ചെയ്ത് നീക്കപ്പെട്ടവരിൽ പത്ര പ്രവർത്തകരും അഭിഭാഷകരുമടക്കമുള്ളവരുണ്ട്. ഗ്യാനേഷ് കുമാർ രാജി വെക്കുന്നതു വരെ എന്നും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നാണ് സി.ജെ.പി അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

