ദളിത് വിദ്യാർഥിക്ക് ഇ-മെയിലൂടെ അധിക്ഷേപം; എച്ച്.സി.യു അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ
text_fieldsഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ (എച്ച്.സി.യു) പൂർവ്വ വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപവും വിവേചനപരമായ പരാമർശങ്ങളും നടത്തിയ അസോസിയേറ്റ് പ്രൊഫസർക്കെതിരെ നടപടി വേണമെന്ന് എസ്.എഫ്.ഐ. ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വിജയ രാമദാസ് മണ്ഡലയ്ക്കെതിരെയാണ് എസ്.എഫ്.ഐ എച്ച്.സി.യു യൂനിറ്റും യു.കെ ഘടകവും രംഗത്തെത്തിയത്.
യു.കെയിൽ ഉപരിപഠനം നടത്തുന്ന ദളിത് പൂർവ്വ വിദ്യാർഥിക്ക് അധ്യാപകൻ അയച്ച ഇ-മെയിലാണ് വിവാദത്തിന് വഴിവെച്ചത്. ദളിത്-പിന്നാക്ക പശ്ചാത്തലത്തിൽ നിന്ന് എത്തുന്ന വിദ്യാർഥികളെയും ബീഹാർ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും അധിക്ഷേപിക്കുന്ന രീതിയിലാണ് പരാമർശങ്ങൾ എന്ന് സംഘടന ആരോപിച്ചു. പുസ്തകത്തിൽ ഒരു അധ്യായം എഴുതി നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് അധിക്ഷേപത്തിൽ കലാശിച്ചത്. സർവകലാശാലാ ഭരണകൂടവും വകുപ്പും ചോദ്യം ചെയ്തപ്പോൾ ഇത് വൈകാരികമായുണ്ടായ പ്രതികരണമാണെന്ന് പറഞ്ഞ് ഒഴിയാൻ അധ്യാപകൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി അധ്യാപകനെ പുറത്താക്കണമെന്നും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നും എസ്.എഫ്.ഐ യുകെ ഘടകം ആവശ്യപ്പെട്ടു. സർവകലാശാലകളിലെ ജാതീയമായ കടമ്പകളും വിവേചനങ്ങളും അവസാനിപ്പിക്കാൻ കർശന നടപടി വേണമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.

