വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഡൽഹി സർവകലാശാല അധ്യാപകനെ ചുമതലയിൽനിന്ന് മാറ്റി
text_fieldsഡൽഹി: വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പരീക്ഷയിൽ തോൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി. സംഭവത്തെ തുടർന്ന് ഡൽഹി സർവകലാശാലക്ക് കീഴിലുള്ള ദൗലത്ത് റാം കോളജിലെ അധ്യാപകനെ താൽക്കാലികമായി ചുമതലയിൽനിന്ന് മാറ്റി.
ഒക്ടോബർ 27നാണ് സംഭവം നടന്നത്. അധ്യാപകൻ ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും പീഡിപ്പിക്കാൻ ശ്രമിച്ചതായും വിദ്യാർഥിനി ആരോപിച്ചു. ഒക്ടോബർ 29നാണ് പരാതി നൽകിയത്. പരാതി കോളജിലെ ആഭ്യന്തര പരാതി പരിഹാര സമിതിയായ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി അന്വേഷിച്ചുവരികയാണ്. പരാതിക്കാരിക്ക് പിന്തുണ പ്രഖ്യാപിച്ച കോളജ് വിദ്യാർഥി യൂനിയൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ആരോപണം തെളിഞ്ഞാൽ അധ്യാപകനെ പിരിച്ചുവിടണമെന്നും നീതി വൈകിയാൽ പ്രതിഷേധം സംഘടിപ്പിച്ച് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ (യു.ജി.സി) സമീപിക്കുമെന്നും യൂനിയൻ പ്രസിഡന്റ് വ്യക്തമാക്കി.

