'ലൈംഗികാതിക്രമം നീതിന്യായ വ്യവസ്ഥയിലെ മൂടിവെച്ച രഹസ്യം'; നിരവധി വനിതാ ജഡ്ജിമാർ ഇതിനിരയാകുന്നുവെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്
text_fieldsഇന്ദിര ജയ്‌സിങ്
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വനിതാ ജഡ്ജിമാർ സഹപ്രവർത്തകരായ പുരുഷ ജഡ്ജിമാരിൽ നിന്ന് നേരിടുന്ന ലൈംഗികാതിക്രമം ആരും ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത 'മൂടിവെച്ച രഹസ്യ'മാണെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. പുരുഷ ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധി വനിതാ ജഡ്ജിമാർ തന്നോട് നേരിട്ട് പരാതിപ്പെട്ടിട്ടുണ്ടെന്നും അവർക്ക് വേണ്ടി കോടതികളിൽ ഹാജരായിട്ടുണ്ടെന്നും ഇന്ദിര ജയ്‌സിങ് വെളിപ്പെടുത്തി. നീതിന്യായ വ്യവസ്ഥയിൽ ആഴത്തിൽ വേരൂന്നിയ അധികാരശ്രേണിയും നാടുവാഴിത്ത മനോഭാവവുമാണ് ഇത്തരം സംഭവങ്ങൾക്ക് വഴിവെക്കുന്നതെന്നും അവർ തുറന്നടിച്ചു.
മുതിർന്ന അഭിഭാഷകനും മുൻ ഹൈകോടതി ചീഫ് ജസ്റ്റിസുമായ ഡോ. എസ്. മുരളീധറിന്റെ പ്രഭാഷണത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു ഇന്ദിര ജയ്‌സിങ്. നീതിന്യായ സംവിധാനത്തിൽ വനിതാ ജഡ്ജിമാർ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച് മുൻപ് താൻ എഴുതിയ പുസ്തകത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്ന് അവർ ഓർമിപ്പിച്ചു. ഹൈകോടതി ജഡ്ജിമാർ വിരമിക്കുമ്പോൾ വനിതാ ജില്ലാ ജഡ്ജിമാരെ ഒരേ നിറത്തിലുള്ള സാരി ധരിപ്പിച്ച് വരിയായി നിർത്തി പൂക്കൾ വിതറിക്കുന്ന ഫ്യൂഡൽ സമ്പ്രദായങ്ങൾ പലയിടത്തും നിലനിൽക്കുന്നുണ്ടെന്നും, അത്തരം സാഹചര്യങ്ങൾ മുതലെടുത്താണ് മേലുദ്യോഗസ്ഥരായ ജഡ്ജിമാർ വനിതാ ജഡ്ജിമാരെ ചൂഷണം ചെയ്യുന്നതെന്നും അവർ ഒരു അനുഭവം ചൂണ്ടിക്കാട്ടി വിവരിച്ചു.
നീതിന്യായ രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കവെ, സാധാരണക്കാരായ പരാതിക്കാർക്ക് ലഭിക്കേണ്ട കോടതി സമയം ഭൂരിഭാഗവും കോർപ്പറേറ്റ് പ്രമുഖരും സമ്പന്നരും കയ്യടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നിടത്തോളം കാലം പ്രതീക്ഷ നിലനിൽക്കുമെന്നും, എന്നാൽ ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങളെയും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' തുടങ്ങിയ ആശയങ്ങളെയും പൗരസമൂഹം പ്രതിരോധിക്കേണ്ടതുണ്ടെന്നും ഇന്ദിര ജയ്‌സിങ് വ്യക്തമാക്കി.
ജുഡീഷ്യറിയിലെ ഇത്തരം നാടുവാഴിത്ത പ്രവണതകളും അധികാര ദുർവിനിയോഗങ്ങളും വനിതാ ജഡ്ജിമാരുടെ ഔദ്യോഗിക ജീവിതത്തിലും ആത്മവീര്യത്തിലും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാർ ജില്ലാ കോടതിയിലെ വനിതാ ജഡ്ജിമാരിൽ നിന്ന് ഇത്തരം വിധേയത്വം പ്രതീക്ഷിക്കുന്നത് തികച്ചും തെറ്റായ കീഴ്‌വഴക്കമാണെന്നും, 2047-ഓടെയെങ്കിലും ഇത്തരം നാണംകെട്ട രീതികൾ നീതിന്യായ വ്യവസ്ഥയിൽ നിന്ന് പൂർണമായും തുടച്ചുനീക്കപ്പെടുമെന്ന് താൻ പ്രത്യാശിക്കുന്നതായും ഇന്ദിര ജയ്‌സിങ് വ്യക്തമാക്കി. ഡോ. എസ്. മുരളീധറും തന്റെ പ്രസംഗത്തിൽ ജുഡീഷ്യറിയിലെ ഇത്തരം അധികാര ദുഷ്പ്രഭുത്വങ്ങൾക്കെതിരെയും വനിതാ ജഡ്ജിമാർ നേരിടുന്ന മാനസിക പീഡനങ്ങൾക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
ഭാവിയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷ നൽകുന്നത് ഇന്ത്യൻ ഭരണഘടന മാത്രമാണെന്ന് അവർ പറഞ്ഞു. ഭരണഘടന മാറ്റിയെഴുതപ്പെടാത്ത കാലത്തോളം സർക്കാരിന്റെ ഏത് ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെയും നിയമപരമായി ചോദ്യം ചെയ്യാനുള്ള കരുത്ത് പൗരന്മാർക്കുണ്ടെന്ന് അവർ ഓർമിപ്പിച്ചു. എന്നാൽ മണ്ഡല പുനർനിർണയത്തെ വനിത സംവരണവുമായി ബന്ധിപ്പിക്കുന്നത് വഴിയും, ഫെഡറൽ വ്യവസ്ഥ ഉറപ്പാക്കാതെയുള്ള ഏകപക്ഷീയ നീക്കങ്ങളിലൂടെയും, 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിലൂടെയും ഭരണഘടനാ തത്വങ്ങളെ തകർക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമാണെന്നും അതിനെതിരെ ജാഗ്രത പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

