പൊലീസിൽനിന്ന് ലൈംഗികാതിക്രമം: സ്റ്റേഷൻ ഉപരോധിച്ച മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ജന്തർ മന്തറിൽ ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനം റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും കസ്റ്റഡിയിലെടുത്ത് നീക്കി. പരാതിക്കാരി ഉൾപ്പെടെ 17 പേരെയാണ് തിങ്കളാഴ്ച അതി രാവിലെ കസ്റ്റഡിയിലെടുത്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശനിയാഴ്ച രാത്രിയാണ് ആരംഭിച്ചത്.
കസ്റ്റഡിയിലെടുത്തവരെ പൊലീസ് ക്രൂരമായി മർദിച്ചതായി സി.ജെ.പി നിയമ വിഭാഗം ചുമതലയുള്ള രത്ന സിങ് പറഞ്ഞു. വിഷയത്തിൽ ഡൽഹി പൊലീസ് കമീഷണറെ കാണുമെന്നും ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകുമെന്നും രത്ന വ്യക്തമാക്കി. പ്രതിഷേധ സമയത്ത് ക്രമസമാധാന ചുമതല നിർവഹിക്കുകയായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്താൽ അത് സേനയുടെ പ്രവർത്തന വീര്യത്തെ ബാധിക്കുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് തനിക്കുനേരെ അതിക്രമമുണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐസ പ്രസിഡന്റ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് കാമറയിൽ ചിത്രീകരിക്കുന്നതിനിടെ അസിസ്റ്റന്റ് പൊലീസ് കമീഷണർ വിവേക് ഭഗത് ലൈംഗികമായി അതിക്രമം കാട്ടിയെന്നാണ് പരാതി.
സംഭവത്തിൽ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ പരാതി നൽകിയിട്ടുണ്ടെങ്കിലും കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുക മാത്രമാണ് പൊലീസ് ചെയ്തത്. കേസെടുക്കാൻ ക്രൈംബ്രാഞ്ചും ഇതുവരെ തയാറായിട്ടില്ലെന്നും പരാതിക്കാരി പറഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

