'സേവ' സ്ഥാപക ഇള ഭട്ട് അന്തരിച്ചു
text_fieldsന്യൂഡൽഹി: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭമായ സേവയുടെ (സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ)സ്ഥാപകയുമായ ഇള ഭട്ട് അന്തരിച്ചു. പത്മഭൂഷൻ ജേതാവാണ്. 89 വയസായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ്.
വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ സ്ഥാപകരിൽ ഒരാളാണ്. 1996ലെ വീട്ടുജോലി സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ വീട്ടിലിരുന്നു ജോലിചെയ്യുന്നവരുടെ അവകാശങ്ങളും സംഭാവനകളും അംഗീകരിക്കാൻ പ്രധാനകാരണം ഇളയുടെ ഇടപെടലായിരുന്നു. സ്ത്രീകൾ നിയമരംഗത്തേക്ക് കടന്നുവരാതിരുന്ന 1950കളിലാണ് ഇള നിയമ ബിരുദം നേടിയത്.
പ്രാദേശിക തുണിമില്ലുകളിലെ തൊഴിലാളി സംഘടനകളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു ഇളയുടെ പ്രവർത്തനം. സ്ത്രീകൾ വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളുടെ വിവരങ്ങൾ ശേഖരിക്കണമെന്നും വിലയിരുത്തണമെന്നും ഇള ഗവേഷകരെ ബോധ്യപ്പെടുത്തി.
തന്റെ ആരാധ്യവനിതകളിൽ ഒരാളാണ് ഇള ഭട്ടെന്ന് യു.എസ് വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റൺ വാഷിങ്ടണിൽ നടന്ന ലിംഗനീതി സംബന്ധിച്ച പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു.
അഞ്ചു ദശകം മുമ്പ് അവർ തുടങ്ങിവെച്ച സേവ ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതമാണ് മാറ്റിമറിച്ചത്. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

