Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടുത്ത സാമ്പത്തിക...

കടുത്ത സാമ്പത്തിക പ്രതിസന്ധി: ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം ആറുമാസത്തേക്ക് തടഞ്ഞുവെക്കാൻ ഉത്തരവിട്ട് ഹിമാചൽ സർക്കാർ

text_fields
bookmark_border
കടുത്ത സാമ്പത്തിക പ്രതിസന്ധി: ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം ആറുമാസത്തേക്ക് തടഞ്ഞുവെക്കാൻ ഉത്തരവിട്ട് ഹിമാചൽ സർക്കാർ
cancel

ചണ്ഡീഗഢ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം ഭാഗികമായി തടഞ്ഞുവെക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ ഉത്തരവിട്ടു. അടുത്ത ആറ് മാസത്തേക്ക് ശമ്പളത്തിന്റെ നിശ്ചിത ശതമാനം നൽകുന്നത് നീട്ടിവെക്കാനാണ് തീരുമാനം. കേന്ദ്രത്തിൽനിന്നുള്ള ഗ്രാന്റുകൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് ഉണ്ടായ 'അസാധാരണ സാമ്പത്തിക വെല്ലുവിളികൾ' കണക്കിലെടുത്താണ് ഈ കടുത്ത നടപടിയെന്ന് സർക്കാർ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ഞായറാഴ്ച പുറപ്പെടുവിച്ച ധനകാര്യ വകുപ്പിന്റെ വിജ്ഞാപന പ്രകാരം മേയ് മാസം മുതൽ അടുത്ത ആറ് മാസത്തേക്കാണ് ഈ നിയന്ത്രണം. ഉദ്യോഗസ്ഥരുടെ പദവി അനുസരിച്ച് 30 ശതമാനം മുതൽ 20 ശതമാനം വരെ ശമ്പളമാണ് താൽക്കാലികമായി തടഞ്ഞുവെക്കുന്നത്.

ഭരണഘടനയുടെ 309ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ചാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന്റെ ശമ്പളത്തിൽനിന്ന് 50 ശതമാനം മന്ത്രിമാരുടേത് 30 ശതമാനം എം.എൽ.എമാർക്ക് 20 ശതമാനം എന്നിങ്ങനെ കുറവുവരുത്തി ശമ്പളം താൽക്കാലികമായി പിടിച്ചുവെക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു.

പുതിയ വിജ്ഞാപനപ്രകാരം, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, അഡീഷനൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവർക്ക് ശമ്പളത്തിന്റെ മുപ്പത് ശതമാനം തുക കുറക്കും.

സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, പൊലീസ് ഇൻസ്പെക്‌ടർ, ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടർ, സൂപ്രണ്ട് ഓഫ് പൊലീസ്, എസ്‌.പി തലം വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജില്ല ഫോറസ്റ്റ് ഓഫിസർ തലം വരെയുള്ള മറ്റ് ഫോറസ്റ്റ് ഓഫിസർമാർ എന്നിവരുടെ ശമ്പളത്തിന്റെ ഇരുപത് ശതമാനം മാറ്റിവെക്കുമെന്ന് വിഞ്ജാപനത്തിൽ പറയുന്നു.

പൊതുമേഖല സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയോടും സമാനമായ രീതിയിൽ ശമ്പളം തടഞ്ഞുവെക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. നിലവിലെ നടപടി ശമ്പളം സ്ഥിരമായി വെട്ടിക്കുറയ്ക്കലല്ലെന്നും മറിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പിന്നീട് നൽകാനായി മാറ്റിവെക്കുക മാത്രമാണെന്നും സർക്കാർ വ്യക്തമാക്കി. ഇ-ശമ്പള സംവിധാനത്തിലും പേ-സ്ലിപ്പുകളിലും ലഭിക്കുന്ന തുകയും തടഞ്ഞുവെച്ച തുകയും വ്യക്തമായി രേഖപ്പെടുത്തും. ലോൺ തിരിച്ചടവുള്ള ജീവനക്കാർക്ക് തിരിച്ചടവിന് ശേഷമുള്ള തുകയിലായിരിക്കും ക്രമീകരണം വരുത്തുക.

കേന്ദ്ര സർക്കാർ റവന്യൂ കമ്മി ഗ്രാൻഡ് (RDG) നിർത്തലാക്കിയതാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പറഞ്ഞു. 16ാം ധനകാര്യ കമീഷന്റെ ശുപാർശ പ്രകാരം ഹിമാചൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്ന ഗ്രാൻഡ് നിർത്തുന്നതോടെ പ്രതിവർഷം 8,000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നത്. മാർച്ച് 21ന് അവതരിപ്പിച്ച ബജറ്റിൽ തന്നെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തരം കടുത്ത നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി സൂചന നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentfinancial crisisHimachal Predeshsalary withheldSukhwinder Singh Sukhu
News Summary - Severe financial crisis: Himachal government to partially withhold salaries of top officials for six months
Next Story