ന്യൂഡൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം ഏഴു മരണം. 19 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കെ.പി.എച്ച് റോഡ് നുള്ളംകുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെയും നടമൽ പുതിയകത്ത് സുഹറയുടെയും മകൻ മുഹമ്മദ് ഷൈജലാണ് (41) മരിച്ച മലയാളി. ലഡാക്കിലെ തുർതുക് സെക്ടറിലെ ഷ്യോക് നദിയിലേക്കാണ് വാഹനം മറിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ദുരന്തം. പർതാപുരിലെ ട്രാൻസിറ്റ് ക്യാമ്പിൽനിന്ന് ലേ ജില്ലയിലെ തുർതുകിലുള്ള കേന്ദ്രത്തിലേക്ക് 26 സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട വാഹനം റോഡിൽനിന്ന് തെന്നി 50-60 അടി താഴ്ചയിൽ നദിയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ എല്ലാവരെയും ആദ്യം പർതാപുരിലെ 403 ഫീൽഡ് ആശുപത്രിയിലാണ് എത്തിച്ചത്. അപ്പോഴേക്കും ലേയിൽനിന്ന് ഡോക്ടർമാരുടെ സംഘം പർതാപുരിലെത്തി. എന്നാൽ, ഗുരുതര പരിക്കേറ്റ ഏഴുപേർ മരണത്തിന് കീഴടങ്ങി. ബാക്കി 19 പേരെ പിന്നീട് വിദഗ്ധ ചികിത്സക്കായി ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ ചാന്ദിമന്ദിറിലേക്ക് മാറ്റുകയായിരുന്നു.
ഗുജറാത്ത് സൈനിക പോയന്റിൽ ഹവിൽദാറായ ഷൈജൽ രണ്ടുമാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. വൈകീട്ടോടെയാണ് മരണവിവരം നാട്ടിലറിഞ്ഞത്. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപകടത്തിനിരയായ സൈനികർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചിച്ചു.