അയോധ്യയിലെ പള്ളികളിലേക്ക് പന്നിയിറച്ചിയും ഖുർആന്റെ കീറിയ പേജുകളും എറിഞ്ഞ ഏഴുപേർ അറസ്റ്റിൽ
text_fieldsഅയോധ്യ: വർഗീയ കലാപ ശ്രമത്തിന്റെ ഭാഗമായി അയോധ്യയിലെ പള്ളികളിലേക്ക് പന്നിയിറച്ചി കഷണങ്ങളും മുസ്‍ലിംകളെ അധിക്ഷേപിക്കുന്ന കത്തുകളും ഖുർആന്റെ കീറിയ പേജുകളും വലിച്ചെറിഞ്ഞ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു.
അറസ്റ്റിലായവർ 'ഹിന്ദു യോദ്ധ സംഗതൻ' എന്ന സംഘടനയിൽപ്പെട്ടവരാണെന്നും നാല് ക്രിമിനൽ കേസുകളിൽ ഉൾപെട്ടിട്ടുള്ളയാണ് സംഘത്തലവനെന്നും പൊലീസ് പറഞ്ഞു.
താത്‌ഷാ ജുമാമസ്ജിദ്, ഘോസിയാന പള്ളി, കശ്മീരി മൊഹല്ലയിലെ പള്ളി, ഗുലാബ് ഷാ ബാബ എന്നറിയപ്പെടുന്ന മസാർ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അയോധ്യയിൽ വർഗീയ കലാപം സൃഷ്ടിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ശ്രമമായിരുന്നു ഇതെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ച അർധരാത്രി പ്രതികൾ പന്നിയിറച്ചി കഷണങ്ങൾ, ഒരു പ്രത്യേക സമുദായത്തെ ഭീഷണിപ്പെടുത്തുന്ന കത്തുകൾ, വിശുദ്ധ ഗ്രന്ഥത്തിന്റെ കീറിയ പേജുകൾ എന്നിവ പള്ളികൾക്കും മസാറിനും നേരെ എറിയുകയായിരുന്നു.
പതിനൊന്ന് പേർ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ നാല് പേർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. പ്രതികൾ പന്നിയിറച്ചി, ഖുർആന്റെ രണ്ട് കോപ്പികൾ, എഴുത്ത് സാമഗ്രികൾ എന്നിവ വാങ്ങിയതായി പൊലീസ് കണ്ടെത്തി.
അന്വേഷണത്തിൽ, ഡൽഹിയിലെ ജഹാംഗീർപുരി സംഭവത്തിൽ പ്രതികൾ പ്രകോപിതരായിരുന്നെന്നും പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഘടനയുടെ നേതാവ് മഹേഷ് മിശ്ര, കോട്‌വാലി സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ പ്രത്യുഷ് കുമാർ, നിതിൻ കുമാർ, ദീപക് ഗൗഡ്, ബ്രജേഷ് പാണ്ഡെ, ശത്രുഘ്‌നൻ, വിമൽ പാണ്ഡെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

