മുംബൈ: നടി റിയ ചക്രബർത്തി അറസ്റ്റിലായ മയക്കുമരുന്ന് കേസിൽ റാക്കറ്റിലെ മുഖ്യകണ്ണി ഉൾപ്പെടെ ഏഴുപേരെ നാർകോടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. മുംബൈ, ഗോവ എന്നിവിടങ്ങളിൽ ശനിയാഴ്ച നടത്തിയ തിരച്ചിലിൽ വൻ തോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തതായി എൻ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു.
കെ.ജെ എന്നറിയപ്പെടുന്ന കരംജീതാണ് കസ്റ്റഡിയിലായ പ്രധാനി. കേസിൽ അറസ്റ്റിലായ റിയയുടെ സഹോദരൻ ശൗവിക്, സുശാന്തിെൻറ മാനേജർ സാമുവൽ മിറാണ്ട, വീട്ടുജോലിക്കാരൻ ദീപേശ് സാവന്ത് തുടങ്ങിയവരുടെ മൊഴികളിൽ പരാമർശിക്കപ്പെട്ടവരാണ് കസ്റ്റഡിയിലായത്. സുശാന്തിെൻറ ആത്മഹത്യകേസിൽ സമൻസിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരായ റിഷികേഷ് പവാർ എന്നയാളെ സി.ബി.െഎ എൻ.സി.ബിക്ക് കൈമാറുകയായിരുന്നു.
ശൗവികിനും മിറാണ്ടക്കും മയക്കുമരുന്ന് നൽകിയതിനു പുറമെ സുശാന്തിെൻറയും റിയയുടെ വീടുകളിലും കരംജീത് മയക്കുമരുന്ന് എത്തിച്ചതായാണ് എൻ.സി.ബിയുടെ കണ്ടെത്തൽ.