'അല്പം കുറ്റകരമാണ്' സമഗ്രമായ പരിഗണന വേണം; എക്സ് അക്കൗണ്ട് ഉടൻ പുനസ്ഥാപിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി -കോക്രോച്ച് ജനതാ പാർട്ടിക്ക് തിരിച്ചടി
text_fieldsന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി)യുടെ പൂട്ടിയ എക്സ് അക്കൗണ്ട് ഉടൻ പുനസ്ഥാപിക്കാൻ നിർദ്ദേശിക്കുന്നതിന് വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. സമൂഹമാധ്യമങ്ങളിലെ വിലക്കിനെതിരെ പോരാടുന്ന സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെക്ക് ഇത് തിരിച്ചടിയായി.
സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചില ഉള്ളടക്കം "അല്പം കുറ്റകരം" ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിപ്കെയുടെ ഹരജി നിരസിച്ചത്. ഈ വിഷയത്തിൽ "സമഗ്രമായ പരിഗണന" ആവശ്യമാണെന്നും സർക്കാരും എക്സ് പ്ലാറ്റ്‌ഫോമും പറയുന്നത് കേട്ടതിനുശേഷം മാത്രമേ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കൂ എന്നും കോടതി വ്യക്തമാക്കി.ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് സർക്കാരിന്റെ വാദങ്ങൾ കേൾക്കുമെന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന്റെ അഭിഭാഷകന് ഉറപ്പ് നൽകി. വിഷയത്തിൽ എക്സിനും കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് അയച്ചു.
ദിപ്കെക്ക് വേണ്ടി ഹാജറായ അഭിഭാഷകൻ അഖിൽ സിബൽ, സി.ജെ.പിയുടെ എക്സ് അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.തന്റെ വാദത്തെ പിന്തുണയ്ക്കുന്നതിനായി, കോടതി ഇടക്കാല ആശ്വാസം നൽകിയ മുൻ കേസുകൾ സിബൽ പരാമർശിച്ചു. "മറ്റ് കേസുകളും ഈ കേസും തമ്മിൽ നേരിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നു. ഈ കേസിൽ മുഴുവൻ പ്രവർത്തനവും അല്പം കുറ്റകരമാണ് എന്നതാണ് കാരണം എന്ന് തോന്നുന്നു," -ബെഞ്ച് മറുപടിയായി പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് പറയുന്നു.
കേസിൽ ഉടനടി ഇളവ് നൽകാൻ കോടതി വിസമ്മതിച്ചെങ്കിലും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തടയുന്ന ഉത്തരവുകൾ പരിശോധിക്കുന്നതിന് ഉത്തരവാദിത്തമുള്ള കേന്ദ്രത്തിന്റെ അവലോകന സമിതിക്ക് മുന്നിൽ തന്റെ കേസ് അവതരിപ്പിക്കാൻ ദിപ്കെക്ക് അവസരം നൽകി.സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് ദിപ്കെ എക്സിൽ സി.ജെ.പി എന്ന പേരിൽ ആക്ഷേപഹാസ്യ പേജ് തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച സി.ജെ.പി എക്‌സ് പിന്നീട് തടഞ്ഞുവച്ചു.
സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സ് ബി.ജെ.പിയെ മറികടന്നതിന് പിന്നാലെയായിരുന്നു അക്കൗണ്ട് തടസ്സപ്പെടുത്തിയത്. പിന്നീട് ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ട അക്കൗണ്ടും പൂട്ടിയെങ്കിലും ദിവസങ്ങൾക്ക് ശേഷം തിരികെ നൽകി. രാജ്യത്തെ തൊഴിലില്ലായ്മയിലും കേന്ദ്രസർക്കാർ നയങ്ങളിലും വിയോജിപ്പുള്ള യുവാക്കളാണ് കോക്രോച്ച് സി.ജെ.പി ഫോളോവേഴ്സ് എന്നാണ് പൊതു വിലയിരുത്തൽ. നിരവധി പ്രതിപക്ഷ നേതാക്കളും സി.ജെ.പിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

