കെ.എസ്.ആർ.ടി.സിയിൽ സർവിസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത: ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സർവിസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി വിധി കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് നേരത്തെ കേരള ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതിൽ തീരുമാനം എടുക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധികാരം ഉണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം. വിരമിച്ചവർക്ക് ഉയർന്ന ക്ഷമബത്ത വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം. എന്നാൽ, പണപ്പെരുപ്പം ഉൾപ്പടെ കണക്കാക്കുമ്പോൾ വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ തെറ്റാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിൽ വിവിധ തൊഴിലാളി യൂണിയനുകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

