വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും സെർവർ വാനുകൾ ചുറ്റിത്തിരിയുന്നു; ഗുരുതര ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് സംശയം ഉന്നയിച്ച് ബിഹാർ കോൺഗ്രസ് മേധാവി രാജേഷ് റാം. വോട്ടെണ്ണൽ പ്രക്രിയയിൽ ഗുരുതരമായ അപാകതകൾ ഉണ്ടെന്ന് റാം ആരോപിച്ചു. ആദ്യ റൗണ്ടുകൾക്ക് ശേഷം നിരവധി കേന്ദ്രങ്ങളിൽ നടപടിക്രമങ്ങൾ പെട്ടെന്ന് മന്ദഗതിയിലായതായി അദ്ദേഹം അവകാശപ്പെട്ടു.
ഭരണകൂടം വോട്ടുകൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച രാജേഷ് റാം വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും സെർവർ വാനുകൾ ചുറ്റിത്തിരിയുന്നതായും ബൂത്തുകളിൽ ക്രമക്കേടുകൾ നടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടെന്നും അവകാശപ്പെട്ടു. മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ട് മോഷണം നടന്നിട്ടും ഇവിടെ ആളുകൾക്ക് എന്തുകൊണ്ട് സംശയം തോന്നുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
തൊഴിലില്ലായ്മ, പേപ്പർ ചോർച്ച, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം, നിരന്തരമായ ദുരിത കുടിയേറ്റം എന്നിവയിൽ വേരൂന്നിയ പ്രത്യക്ഷമായ നീരസം ബിഹാറിലെ വോട്ടർമാർ പ്രകടിപ്പിക്കുന്നുണ്ടെന്ന് റാം വാദിച്ചു. സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർ സംസ്ഥാനത്തിന് പുറത്തേക്ക് പോയി സമ്പാദിക്കുന്നത് ആഗ്രഹിക്കുന്നില്ല. യുവാക്കൾ നിരാശരാണ്. ബി.ജെ.പിയുടെ പിന്തുണയുള്ള 20 വർഷത്തെ ഭരണം അവരെ തോൽപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും തെറ്റ് ചെയ്താൽ അത് അശാന്തിക്ക് കാരണമാകുമെന്ന ആർ.ജെ.ഡിയുടെ മുന്നറിയിപ്പുകൾ കോൺഗ്രസ് നേതാവ് ആവർത്തിച്ചു. ‘ആർക്കുവേണ്ടിയാണ് ബട്ടൺ അമർത്തിയതെന്ന് വോട്ടർമാർക്കറിയാം. ഫലം അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിൽ രോഷം സ്വാഭാവികമായിരിക്കു’മെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാറിനെ ബി.ജെ.പി പൂർണമായും വരുതിയിലാക്കി എന്ന് റാം ആരോപിച്ചു. ജെ.ഡി.യു നേതാക്കളും പ്രവർത്തകരും തന്നെ അസന്തുഷ്ടരാണ്. പൊതുജനങ്ങൾ ജോലിയും മരുന്നും അന്തസ്സും നൽകുന്ന ഒരു സർക്കാറിനെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകളെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് പാർട്ടി ദിനാന്ത്യം വരെ കാത്തിരിക്കുമെന്ന് ബിഹാർ കോൺഗ്രസ് ഇൻ ചാർജ് കൃഷ്ണ അല്ലവാരു പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമീഷനും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനങ്ങൾക്ക് പ്രക്രിയ നിഷ്പക്ഷവും സുതാര്യവുമാണെന്ന് ഉറപ്പ് നൽകണം. നിരവധി ചോദ്യങ്ങളുണ്ട്, നിരവധി തെളിവുകളുണ്ട്. അവർ വ്യക്തമാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

