ലക്ഷക്കണക്കിന് ഡോസ് കെട്ടിക്കിടക്കുന്നു; വാക്സിൻ ഉൽപാദനം നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സൻ ഉൽപാദനം നിർത്തുന്നു. വാക്സിൻ സ്റ്റോക്ക് 200 മില്യൺ ഡോസ് കടന്നതോടെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദനം നിർത്തിയത്.
ഞങ്ങൾക്ക് 200 മില്യൺ ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. അതിനാൽ ഉൽപാദനം നിർത്തുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അദാർ പൂനാവാല പറഞ്ഞു. ടൈംസ് നെറ്റ്‍വർക്കിന്റെ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭൂരിപക്ഷം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയതോടെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ സ്റ്റോക്ക് കുന്നുകൂടിയത്. കോവിഡിനൊപ്പം ജീവിക്കുകയെന്ന നയത്തിലേക്ക് ലോകരാജ്യങ്ങൾ മാറിയതോടെ ബൂസ്റ്റർ ഡോസെടുക്കാനും ആളുകൾ കാര്യമായി താൽപര്യം കാണിക്കുന്നില്ല.
അതേസമയം, ബൂസ്റ്റർ ഡോസിന്റെ ഇടവേള കുറക്കണമെന്ന ആവശ്യവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള ഒമ്പത് മാസത്തിൽ നിന്നും ബൂസ്റ്റർ ഡോസിന്റെ കാലാവധി ആറ് മാസമായി കുറക്കണമെന്നാണ് ആവശ്യം.