ന്യൂഡൽഹി: ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ എടുത്തയാൾക്ക് ഗുരുതര പാർശ്വഫലം ഉണ്ടായെന്ന ആരോപണം നിഷേധിച്ച് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്ന കമ്പനിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്. പരീക്ഷണ സമയത്ത് വാക്സിൻ എടുത്തവർ പൂർണ പ്രതിരോധ ശേഷി ആർജിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ പൊതു ഉപയോഗത്തിന് വാക്സിൻ നൽകൂവെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞയാഴ്ച ചെന്നൈയിൽ പരീക്ഷണ വാക്സിൻ എടുത്തയാൾ നാഡീവ്യൂഹ സംബന്ധമായ തകരാറുകൾ ഉണ്ടായെന്ന് ആരോപിച്ച് കമ്പനിക്കെതിരെ അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരുന്നു. സംഭവം അതീവ നിർഭാഗ്യകരമാണെന്നും വാക്സിൻ എടുത്തതുകൊണ്ടല്ല പ്രശ്നമുണ്ടായതെന്നും കമ്പനി വിശദീകരിച്ചു. പരാതിക്കുശേഷം മുഴുവൻ വിവരങ്ങളും രേഖകളും ഡ്രഗ്സ് കൺേട്രാളർക്ക് കൈമാറിയിട്ടുണ്ട്. പരിശോധനക്ക് അനുമതി ലഭിച്ചശേഷമേ വീണ്ടും വാക്സിൻ പരീക്ഷണം തുടങ്ങൂയെന്നും കമ്പനി അറിയിച്ചു.
അതേസമയം, മനുഷ്യരിലെ പ്രാഥമിക പരീക്ഷണത്തിനിടെയുണ്ടായ തിരിച്ചടിയിലെ നിഗമനങ്ങൾ മാത്രം വെച്ച് പരീക്ഷണം തന്നെ നിർത്തിവെക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.