ന്യൂഡൽഹി: അനുമതി ലഭിച്ചാൽ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അടുത്തമാസം മുതൽ മൂക്കിൽ ഇറ്റിക്കുന്ന കോവിഡ് വാക്സിെൻറ പരീക്ഷണം ആരംഭിക്കും. അവസാന ഘട്ട പരീക്ഷണത്തിൽ പതിനായിരക്കണക്കിന് പേർ പങ്കുചേരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ പറഞ്ഞു.
പരീക്ഷണത്തിൽ 30,000 മുതൽ 40,000 പേർ വരെ പെങ്കടുക്കും. നിലവിൽ കുത്തിവെപ്പിലൂടെ നൽകുന്ന വാക്സിനുകളാണ് മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
റഷ്യൻ കോവിഡ് വാക്സിന് ഇന്ത്യയിൽ പരീക്ഷണം നടത്താൻ അനുമതി ലഭിച്ചതായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിലെ സർക്കാർ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തിയതായി അറിയിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലാബും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടും തമ്മിലാണ് ധാരണ.
അതേസമയം അടുത്ത മാസം ഫെബ്രുവരിയോടെ വാക്സിൻ രാജ്യത്തെത്തുമെന്നും ഇതോടെ കോവിഡ് മഹാമാരി പടർന്നുപിടിക്കുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്നും ഹർഷ വർധൻ വ്യക്തമാക്കി. നിലവിൽ 60,000 ത്തിൽ അധികംപേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ ഇവ ഒരുലക്ഷത്തിന് മുകളിൽ എത്തിയിരുന്നു.