ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിനവും നഷ്ടക്കണക്ക്; തകർച്ചക്കുള്ള കാരണമറിയാം
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ടു. മൂന്ന് ദിവസത്തിനിടെ സെൻസെക്സും നിഫ്റ്റിയും 2.3 ശതമാനമാണ് ഇടിഞ്ഞത്. സെൻസെക്സിന് ഇന്നു മാത്രം ഏകദേശം 699 പോയിന്റ് നഷ്ടമുണ്ടായി. 59,238.41 പോയിന്റിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 211 പോയിന്റ് നഷ്ടത്തോടെ 17,666 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കനത്ത വിൽപന സമ്മർദം വിപണി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് മാസത്തിലെ യു.എസിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുത്തിന്റെ കണക്കുകൾ പുറത്ത് വന്നതാണ് വിപണിയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം. പണപ്പെരുപ്പം പ്രതിക്ഷച്ചതിലും ഉയർന്നതോടെ യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് കടുത്ത നടപടികളിലേക്ക് തിരിയുമെന്ന് ഉറപ്പാണ്.
സെപ്റ്റംബർ 21നാണ് പലിശനിരക്കുകൾ നിശ്ചയിക്കാനുള്ള യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവിന്റെ നിർണായക യോഗം തുടങ്ങുന്നത്. 75 ബേസിക് പോയിന്റിന്റെ വർധന പലിശനിരക്കിൽ വരുത്തുമെന്നാണ് റിപ്പോർട്ട്. തുടർന്ന് നവംബറിൽ 75 ബേസിക് പോയിന്റും ഡിസംബറിൽ 50 ബേസിക് പോയിന്റും നിരക്കുയർത്തും. ഇത് ഇന്ത്യൻ ഓഹരി വിപണിയേയും സ്വാധീനിക്കുന്നുണ്ട്.
ഇതിനൊപ്പം ഇന്ത്യയിലും പണപ്പെരുപ്പം ഉയർന്നതോടെ റിസർവ് ബാങ്കും പലിശനിരക്ക് 50 ബേസിക് പോയിന്റിന്റെ വർധന വരുത്താനുള്ള സാധ്യതയേറെയാണ്. ഫിച്ച് അടക്കമുള്ള റേറ്റിങ് ഏജൻസികൾ ഇന്ത്യയുടെ ജി.ഡി.പി വളർച്ച കുറയുമെന്ന് പ്രവചിച്ചതും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

