സെൻസെക്സ് നാലാം ദിനവും താഴേക്ക്
text_fieldsമുംബൈ: ഓഹരിവിപണിയിൽ തുടർച്ചയായ നാലാം ദിനവും ഇടിവ്. നേട്ടവും നഷ്ടവും മാറിമറിഞ്ഞ വ്യാപാരത്തിനൊടുവിൽ 152.18 പോയന്റ് താഴ്ന്ന സെൻസെക്സ് 10 മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 52,541.39ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി വിപണി (എൻ.എസ്.ഇ) സൂചിക നിഫ്റ്റി 39.95 പോയന്റിടിഞ്ഞ് 15,692.15ലും വ്യാപാരം നിർത്തി.
അമേരിക്കയിലെ ഫെഡറൽ റിസർവ് യോഗമാണ് നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രം. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞതും വളർച്ചാമുരടിപ്പ് ഭയന്ന് വിദേശനിക്ഷേപകർ ഫണ്ടുകൾ പിൻവലിക്കുന്നതും വിപണിയിലെ അസ്ഥിരതക്ക് ആക്കംകൂട്ടുകയാണ്. ചൊവ്വാഴ്ച മാത്രം 4502.25 കോടിയുടെ ഓഹരികളാണ് വിദേശസ്ഥാപന നിക്ഷേപകർ വിറ്റൊഴിഞ്ഞത്. 30 ഓഹരികളുടെ സെൻസെക്‌സ് പാക്കിൽ എൻ.ടി.പി.സി ഏറ്റവുമധികം നഷ്ടം നേരിട്ടു. ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, എച്ച്.യു.എൽ, ടെക് മഹീന്ദ്ര, പവർഗ്രിഡ്, ഐ.ടി.സി എന്നിവയാണ് നഷ്ടക്കണക്കിൽ തൊട്ടുപിന്നിൽ.
മറുവശത്ത്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ലാർസൻ ആൻഡ് ടൂബ്രോ, എസ്.ബി.ഐ, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

