മുൻ കേന്ദ്രമന്ത്രിയും അകാലിദൾ നേതാവുമായിരുന്ന സുഖ്ദേവ് സിങ് ദിൻസ അന്തരിച്ചു
text_fieldsചണ്ഡിഗഡ്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ശിരോമണി അകാലിദൾ നേതാവുമായ സുഖ്ദേവ് സിങ് ദിൻസ (89) അന്തരിച്ചു. മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ മന്ത്രി പർമീന്ദർ സിങ് ദിൻസ മകനാണ്.
1936 ഏപ്രിൽ ഒമ്പതിന് സങ്രൂർ ജില്ലയിലെ ഉഭവാൾ ഗ്രാമത്തിലായിരുന്നു സുഖ്ദേവ് സിങ് ദിൻസ ജനിച്ചത്. സങ്രൂർ ഗവൺമെന്‍റ് രൺബീർ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുഖ്ദേവ്, വിദ്യാർഥി കാലഘട്ടത്തിലാസ രാഷ്ട്രീയത്തിലേക്കും പൊതുസേവന രംഗത്തേക്കും കടന്നു വരുന്നത്.
കോളജ് സ്റ്റുഡന്‍റ്സ് കൗൺസിൽ പ്രസിഡന്‍റായ സുഖ്ദേവ് സിങ് ചെറിയ പ്രായത്തിൽ ഉഭവാളിലെ സർപഞ്ചുമായി. ബ്ലോക്ക് സമിതി അംഗമായിരുന്നു. 1972ൽ പഴയ സങ്രൂർ ജില്ലയുടെ ഭാഗമായിരുന്ന ദനൗല നിയമസഭ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് ശിരോമണി അകാലിദളിൽ അംഗമാകുന്നത്. 1977ൽ സുനം മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി.
1998-2004, 2010-2022, 2016-2022 എന്നീ കാലയളവിൽ മൂന്നു തവണ രാജ്യസഭാംഗമായി. 2004 മുതൽ 2009 വരെ സങ്രൂരിൽ നിന്ന് എം.പിയായി. 2000 മുതൽ 2004 വരെ കേന്ദ്രമന്ത്രിസഭയിൽ സ്പോർട്സ്, കെമിക്കൽസ് വകുപ്പുകളുടെ മന്ത്രിയായി. 2019ൽ അകാലിദൾ നേതാവിനെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 2020ൽ വിവാദമായ കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് സുഖ്ദേവ് സിങ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
പിന്നീട് സുഖ്ബീർ സിങ് ബാദലിന്‍റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളുമായി (എസ്.എ.ഡി) വേർപിരിഞ്ഞ സുഖ്ദേവ് സിങ് പിന്നീട് അകാലിദൾ വിമത വിഭാഗത്തിൽ ചേർന്നു. 2018 സെപ്റ്റംബറിൽ പാർട്ടി പദവികൾ രാജിവച്ചു. 2020 ഫെബ്രുവരിയിൽ സുഖ്ദേവ് സിങ്ങിനെയും മകൻ പർമീന്ദർ സിങ്ങിനെയും എസ്.എ.ഡിയിൽ നിന്ന് പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

