ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന പ്രതിജ്ഞയുമായി യു.പിയിലെ ഡി.ജി.പി റാങ്കുള്ള െഎ.പി.എസ് ഒാഫിസർ. കഴിഞ്ഞദിവസം രാമക്ഷേത്രനിർമാണ അജണ്ടയുമായി ലഖ്നോവിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഹോംഗാർഡ് ഡയറക്ടർ ജനറൽ സൂര്യകുമാർ ശുക്ല വിവാദ പ്രസ്താവന നടത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘രാമഭക്തരായ നമ്മൾ രാമക്ഷേത്രം നിർമിക്കുമെന്ന പ്രതിജ്ഞ ചെയ്യുന്നു’വെന്ന ശുക്ലയുടെ വാക്കുകൾക്കുപിന്നാലെ, പരിപാടിക്കെത്തിയ പലരും ഇത് ഏറ്റുചൊല്ലുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇത് ചർച്ചയായെങ്കിലും തെറ്റു ചെയ്തില്ലെന്ന നിലപാടിലാണ് പൊലീസ് ഉദ്യോഗസ്ഥൻ. എഡിറ്റ് ചെയ്ത വിഡിയോ ആണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്നമുണ്ടാക്കാനായി ചില ഭാഗങ്ങൾ ബോധപൂർവം വിഡിയോയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗഹാർദ അന്തരീക്ഷമൊരുക്കുകയായിരുന്നു പ്രതിജ്ഞയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. െഎ.പി.എസ് ഉദ്യോഗസ്ഥൻ നിയമ ലംഘനമാണ് നടത്തിയതെന്ന് സമാജ്വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.