Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരമിക്കാൻ അഞ്ച് ദിവസം മാത്രം; ഹരിയാനയിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ അഴിമതി കേസ്

text_fields
bookmark_border
വിരമിക്കാൻ അഞ്ച് ദിവസം മാത്രം; ഹരിയാനയിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ അഴിമതി കേസ്
cancel

ചണ്ഡിഗഢ്: വിരമിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി. സുരേഷിനെതിരെ അഴിമതി കേസ്. ഗുരുഗ്രാമിലെ സെക്ടർ 23-ലെ 500 ചതുരശ്രയടി പ്ലോട്ടുമായി ബന്ധപ്പെട്ട ക്രമക്കേടാരോപണത്തിലാണ് ഹരിയാന അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സുരേഷ് ഉൾപ്പെടെ ഒമ്പത് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അനുമതിയോടുകൂടി ആഗസ്റ്റ് 26നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഏകദേശം 3.5 കോടി രൂപ വിപണിമൂല്യമുള്ള പ്ലോട്ട് 6.71 ലക്ഷം രൂപക്ക് കൈമാറിയെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. പ്ലോട്ടിന്റെ കലക്ടർ നിരക്ക് ഏകദേശം 1.75 കോടി രൂപയായിരുന്നുവെന്നും രേഖകളിൽ പറയുന്നു.

1988ൽ അനുവദിച്ച പ്ലോട്ടിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് നടപടി സ്വീകരിക്കുകയും 2002ൽ ഹരിയാന ഷഹരി വികാസ് പ്രാധികരണ (എച്ച്.എസ്.വി.പി) പ്ലോട്ട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന ഏഴ് വർഷത്തോളം നീണ്ട വിജിലൻസ് അന്വേഷണത്തിൽ മറ്റൊരു പ്ലോട്ടിന്റെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് ഉപയോഗിച്ച് ഉദ്യോഗസ്ഥരും ക്ലറിക്കൽ ജീവനക്കാരും വ്യാജ നോട്ട് ഷീറ്റുകൾ തയാറാക്കിയതായി കണ്ടെത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

2019 മാർച്ചിൽ എച്ച്.എസ്.വി.പിയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററായിരിക്കെ ഡി. സുരേഷ് പ്ലോട്ട് തിരിച്ചെടുത്ത നടപടി റദ്ദാക്കിയെന്നും തുടർന്ന് കുറഞ്ഞ തുകക്ക് കൺവേയൻസ് ഡീഡ് നടപ്പാക്കുന്നതിന് വഴിയൊരുക്കിയെന്നുമാണ് എ.സി.ബി ആരോപിക്കുന്നത്. ഇതിലൂടെ സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായതായും എഫ്.ഐ.ആറിൽ പറയുന്നു.

മുൻ എസ്റ്റേറ്റ് ഓഫിസർ മുകേഷ് കുമാർ ഉൾപ്പെടെയുള്ളവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾക്ക് പുറമെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ ഡി. സുരേഷ് നൽകിയ ഹരജിയിൽ പഞ്ചാബ്-ഹരിയാന ഹൈകോടതി ഇടക്കാല ആശ്വാസം അനുവദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് കോടതി നിർദേശിച്ചു. കേസ് ഒക്ടോബർ 16ന് വീണ്ടും പരിഗണിക്കും.

ആഗസ്റ്റ് 31ന് വിരമിക്കാനിരിക്കെയാണ് അതിന് അഞ്ച് ദിവസം മുമ്പ് സുരേഷിനെതിരെ എ.സി.ബി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതോടെ ഭൂമി ഇടപാടിലെ ആരോപണങ്ങൾക്കൊപ്പം കേസെടുത്തതും ഹരിയാനയിൽ ഭരണവൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

ഐ.പി.എസ് ഉദ്യോഗസ്ഥൻ വൈ. പുരൺ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിലും സുരേഷ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അന്നത്തെ ഡി.ജി.പിയടക്കം ചില ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിക്കുകയും മരിച്ച ഉദ്യോഗസ്ഥന്റെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്ലോട്ടിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സർക്കാർ ഉണ്ടായ നഷ്ടവും ഉദ്യോഗസ്ഥരുടെ പങ്കുമാണ് എ.സി.ബി കേസിൽ അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Senior IAS Officer Faces Corruption
Next Story