മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിഹാറിൽ; സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം പട്നയിൽ ചേരും
text_fieldsപ്രതീകാത്മക ചിത്രം
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കോൺഗ്രസിന്റെ നിർണായക തീരുമാനങ്ങളെടുക്കുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം പട്നയിൽ ചേരുന്നു. തെരഞ്ഞെടുപ്പ് തന്ത്രം, സ്ഥാനാർഥി നിർണയം, സഖ്യങ്ങൾ, സംഘടന ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ പങ്കെടുക്കും.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കോൺഗ്രസ് പാർട്ടി രാഷ്ട്രീയ സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ചില സുപ്രധാന നീക്കങ്ങൾ നടത്തിവരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി, പാർട്ടിയുടെ ഉന്നത തല സമിതിയായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽ യോഗം ചേരും.
തെരഞ്ഞെടുപ്പ് തന്ത്രം, സ്ഥാനാർത്ഥി നിർണ്ണയം, സഖ്യ വിന്യാസം, സംസ്ഥാന തലത്തിൽ സംഘടന ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. സെപ്റ്റംബർ 24ന് പട്നയിലെ സദകത് ആശ്രമത്തിലായിരിക്കും യോഗം ചേരുകയെന്നാണ് റിപ്പോർട്ട്. യോഗത്തിൽ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരും രാജ്യത്തുടനീളമുള്ള കോൺഗ്രസ് നേതാക്കളും പങ്കെടുക്കും.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി ബിഹാറിൽ നടത്തുന്നത്. പാർട്ടി നേതാക്കളെ ഊർജസ്വലരാക്കുകയും പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ഉദ്ദേശ്യം. രണ്ട് പതിറ്റാണ്ടുകളായി, സംസ്ഥാനത്ത് കോൺഗ്രസിന്റെ പിന്തുണ കാലക്രമേണ കുറഞ്ഞുവരുകയാണ്.
പ്രാദേശിക പാർട്ടികളുമായി സഹകരിച്ചുള്ള പ്രവർത്തനം നിർബന്ധിത കാര്യമായിരുന്നെങ്കിലും പലപ്പോഴും അതിൽ നിന്നൊക്കെ സഖ്യങ്ങൾ മാറിപ്പോയിരുന്നു. 2015 ൽ ഒരു മഹാസഖ്യം രൂപവത്കരിച്ചുകൊണ്ട് കോൺഗ്രസ് ചില വിജയം നേടിയെങ്കിലും, 2020 ലെ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും കുറച്ച് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ, ഇത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചതായും നേതൃത്വത്തിനെതിതെ ചോദ്യങ്ങളും ഉയർത്തിയിരുന്നു.
പട്നയിൽ നടക്കാനിരിക്കുന്ന സി.ഡബ്ല്യു.സി യോഗത്തിലൂടെ, ബിഹാർ തെരഞ്ഞെടുപ്പ് പാർട്ടി നിസ്സാരമായി കാണുന്നില്ലെന്ന സന്ദേശം നൽകിക്കഴിഞ്ഞു. ശക്തമായ തെരഞ്ഞെടുപ്പ് പരിപാടിയുള്ള ഒരു സംസ്ഥാനത്ത് ഒരു വലിയ വർക്കിങ് കമ്മിറ്റി യോഗം നടത്തുന്നത് പ്രവർത്തകരെ ഊർജ്ജസ്വലരാക്കുക മാത്രമല്ല, ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യം തെളിയിക്കുമെന്ന സന്ദേശം പ്രതിപക്ഷ പാർട്ടികൾക്ക് നൽകുകയും ചെയ്യും.
നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും രാജ്യത്തുടനീളമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ബിഹാർ കോൺഗ്രസ് നേതൃത്വം ഇതിനെ ചരിത്രപരമായ ഒരു അവസരമായി വിശേഷിപ്പിക്കുന്നു. ഈ സമ്മേളനം സംസ്ഥാന കോൺഗ്രസിന് പുതിയ ദിശാബോധവും ശക്തിയും നൽകുമെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

