മുതിർന്ന ബി.ജെ.പി നേതാവ് കോൺഗ്രസിൽ ചേർന്നു; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനുമെതിരെ രൂക്ഷ വിമർശനം
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന ബി.ജെ.പി നേതാവും പ്രമുഖ ഗായകൻ ജുബിൻ നൗട്ടിയാലിന്റെ പിതാവുമായ രാംശരണ്‍ നൗട്ടിയാൽ കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡ് ചുമതലയുള്ളതുമായ കുമാരി ശൈലജ, ഗുർദീപ് സിങ് സപ്പൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കുമാരി ശൈലജയും മറ്റ് നേതാക്കളും ചേർന്ന് രാംശരണ്‍ നൗട്ടിയാലിനെ പാർട്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് അദ്ദേഹം നേതാക്കൾക്ക് പൂച്ചെണ്ട് നൽകി നന്ദി അറിയിച്ചു.
2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചക്രാത മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിലാണ് രാംശരണ്‍ നൗട്ടിയാൽ ജനവിധി തേടിയത്. പ്രശസ്ത ഗായകന്‍റെ പിതാവ് എന്നതിലുപരി, മുൻകാലങ്ങളിൽ കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം ഡെറാഡൂൺ ജില്ല പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാംശരണ്‍ നൗട്ടിയാലിന്‍റെ പാർട്ടി പ്രവേശന ചടങ്ങിനിടയിൽ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കുമാരി ശൈലജ രംഗത്തെത്തി. രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്ന് അവർ പറഞ്ഞു.
രാജ്യത്ത് ജനാധിപത്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. തെരഞ്ഞെടുപ്പ് കമീഷനെതിരെയും കമീഷണർമാർക്കെതിരെയും ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. വോട്ടുകവർച്ചയെക്കുറിച്ച് രാഹുൽ ഗാന്ധി നിരന്തരം ജനങ്ങളോട് സംവദിക്കുന്നുണ്ട്. ഈ വിഷയത്തിൽ പ്രതിപക്ഷവും ജനങ്ങളും രാഹുൽ ഗാന്ധിയും മാത്രമല്ല ആശങ്ക പ്രകടിപ്പിച്ചത്, മറിച്ച് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ പോലും ഇതിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ശൈലജ വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോൾ ഏകാധിപത്യ പ്രവണതകളാണ് മേൽക്കൈ നേടുന്നത്. ഡൽഹിയിൽ ഇൻഡ‍്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസ് സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണാൻ തങ്ങളെ അനുവദിച്ചില്ല. ഇൻഡ‍്യ മുന്നണിയിലെ എം.പിമാർ രാഷ്ട്രപതിയെ കാണാൻ ശ്രമിച്ചപ്പോഴും ജനാധിപത്യപരമായ മര്യാദകൾ ലംഘിക്കപ്പെട്ടു. വെറും പത്തംഗ സംഘത്തിന് മാത്രമാണ് അനുമതി നൽകിയതെന്നും ബാക്കിയുള്ള എം.പിമാരെ വിജയ് ചൗക്കിൽ തടഞ്ഞുവെക്കുകയാണുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

