സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചത് എൻ.ഡി.എയെ ബിഹാറിൽ തൂത്തുവാരാൻ സഹായിച്ചു -ജൻ സുരാജ് പാർട്ടി
text_fieldsപട്ന: സ്ത്രീകൾക്കുള്ള പണം കൈമാറ്റം ബിഹാറിലെ എൻ.ഡി.എയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചുവെന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്ത മുൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി. പാർട്ടിയുടെ പ്രകടനത്തിൽ ദേശീയ പ്രസിഡന്റ് ഉദയ് സിങ് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 40,000 കോടി രൂപ പണമായി കൈമാറിയതിലൂടെ എൻ.ഡി.എയുടെ വിജയം ഉയർന്നുവന്നതായി അദ്ദേഹം പറഞ്ഞു. ഇത് ഭരണ സഖ്യത്തിന്റെ വിജയത്തിലെ ഒരു പ്രധാന പങ്കായി വിശേഷിപ്പിച്ചു. സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ നിക്ഷേപിച്ച മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജനയെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.
ഇതിനെ തെരഞ്ഞെടുപ്പ് സമയത്തെ പ്രലോഭനമായി വിശേഷിപ്പിച്ച സിങ്, വോട്ടെടുപ്പിന് മുമ്പ് ആളുകൾക്ക് കൈക്കൂലി നൽകാനുള്ള സർക്കാറിന്റെ ശ്രമമായിരുന്നു അതെന്നും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതിനുശേഷവും പണ ആനുകൂല്യങ്ങൾ നൽകി പ്രലോഭിപ്പിച്ചുവെന്നും പറഞ്ഞു. ബാക്കിയുള്ള 2 ലക്ഷം രൂപ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ എങ്ങനെ മാറ്റുമെന്ന് കാണാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
തൊഴിലില്ലായ്മ, കുടിയേറ്റം, ബിഹാറിലെ വ്യവസായങ്ങളുടെ അഭാവം തുടങ്ങിയ പ്രധാന വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന ‘തീവ്രമായ പ്രചാരണം നടത്തിയിട്ടും പൊതുജനങ്ങളെ വോട്ടുകളാക്കി മാറ്റാൻ ജൻ സുരാജ് പാർട്ടിക്ക് കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഞങ്ങൾ നിരാശരാണ്. പക്ഷേ അസ്വസ്ഥരല്ല. ഒരു സീറ്റ് പോലും ഞങ്ങൾ നേടിയിട്ടില്ലെങ്കിലും ഭരണകക്ഷിയായ എൻ.ഡി.എയെ ഞങ്ങൾ എതിർക്കുന്നത് തുടരും’ - മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉദയ് സിങ് പറഞ്ഞു.
സംസ്ഥാനത്തെ മുസ്‍ലിം വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ പാർട്ടി വിജയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ആർ.ജെ.ഡിയുടെ തിരിച്ചുവരവ് വേണ്ടായിരുന്നു എന്നാണ് ജനവിധി തെളിയിക്കുന്നതെന്നും സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

