'ദുർഗാ പൂജ റാലി തടഞ്ഞാൽ ഖബറിലേക്കയക്കും, വീടുകൾ പൊളിക്കും'; യു.പിയിൽ കൊലവിളിയുമായി പൊലീസുകാരൻ
text_fieldsദുർഗാ പൂജ റാലി തടസ്സപ്പെടുത്തുന്നത് കണ്ടാൽ ആളുകളെ ശവക്കുഴികളിലേക്ക് അയക്കുമെന്നും അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥൻ ആൾക്കൂട്ടത്തിൽ അലറിവിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പൊലീസ് ഓഫിസറുടെ മൈക്കിലൂടെയുള്ള ആഹ്വാനത്തെ തുടർന്ന് ജയ് ശ്രീറാം മുഴക്കുന്ന ആൾക്കൂട്ടത്തെയും ദൃശ്യങ്ങളിൽ കാണാം. 'മക്തബ് മീഡിയ' ആണ് വീഡിയോ അവരുടെ വെബ്സൈറ്റിൽ പങ്കുവെച്ചത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ ബൽദിരായ് പ്രദേശത്ത് ഇരുസമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയെന്ന വാർത്തകൾ പുറത്തുവനിരുന്നു. ഇതിന് പിന്നാലെയാണ് വലിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തി പൊലീസ് ഉദ്യോഗസ്ഥൻ കൊലവിളി പ്രസംഗം നടത്തിയത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ദുർഗാപൂജ നിമജ്ജന ഘോഷയാത്ര പള്ളിക്ക് സമീപം എത്തിയപ്പോൾ ഉച്ചത്തിലുള്ള സംഗീതത്തെ ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി പൊലീസ് പറഞ്ഞു. ഇതിൽ ഒരു പൊലീസുകാരൻ അടക്കം ആറുപേർക്ക് പരിക്കേറ്റതായും പറയപ്പെടുന്നു. കാവി തൊപ്പികൾ ധരിച്ച് വാളുകൾ വീശി റാലിയിൽ എത്തിയ ഒരു വിഭാഗം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതേ റാലിയെ അഭിസംബോധന ചെയ്താണ് പൊലീസുകാരന്റെ പ്രസംഗം. പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് വീഡിയോ പുറത്തുവന്നതിന് ശേഷം വ്യാപക വിമർശനമുണ്ട്. സുൽത്താൻപൂർ പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ 52 പേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 51പേരും മുസ്‍ലിംകളാണ്. 10 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

