കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയിൽ
text_fieldsമുംബൈ: ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ പ്രത്യേക കോടതി വ്യാഴാഴ്ച വരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ (ഇ.ഡി) കസ്റ്റഡിയിൽ വിട്ടു. ഇ.ഡി എട്ടു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെ നാലു ദിവസം മാത്രം അനുവദിക്കുകയായിരുന്നു.
ഞായറാഴ്ച പകൽ കിഴക്കൻ മുംബൈയിലെ ബന്ദൂപിലുള്ള വസതിയിൽ പരിശോധന നടത്തിയശേഷം കസ്റ്റഡിയിലെടുത്ത റാവുത്തിന്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ വൈദ്യപരിശോധനക്കുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
വസതിയിലെ പരിശോധനയിൽ 11.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. മുംബൈയിൽ ചെലവുകുറഞ്ഞ വീടുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് റാവുത്തിന്റെ ഭാര്യയും കൂട്ടാളികളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റാവുത്തിനെ അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ റാവുത്തിന്റെ ഭാര്യയുടെയും രണ്ടു കൂട്ടാളികളുടെയും 11.15 കോടിയുടെ ആസ്തി ഇ.ഡി പിടിച്ചെടുത്തിരുന്നു. റാവുത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഔറംഗാബാദിലും നാസികിലും ശിവസേന പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

