പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം അശു മഹാരാജ് അറസ്റ്റിൽ. പെൺകുട്ടിയേയും അമ്മയേയും പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ആശ്രമത്തിൽ വെച്ചാണ് ആൾദൈവത്തെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
അശു മഹാരാജിെൻറ മകൻ സമർ ഖാനും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് കമീഷണർ രാജീവ് രഞ്ജൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാല് മണിക്കൂർ സമയം ഇരുവരെയും ചോദ്യം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
ആൾദൈവവും മകനും തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്. പ്രായപൂർത്തിയാകാത്ത തെൻറ മകളെയും ആൾദൈവം പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2008 മുതൽ 2013 വരെയുള്ള കാലയളവിലായിരുന്നു പീഡനം. കഴിഞ്ഞയാഴ്ച ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.