സ്വയം നിയന്ത്രണ സംവിധാനം ചാനലുകൾ ശക്തമാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ടെലിവിഷൻ വാർത്താചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനം കൂടുതൽ കർശനമാക്കണമെന്നും ഇതിനായി പുതിയ മാർഗനിർദേശങ്ങൾ സമർപ്പിക്കണമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷനോട് (എൻ.ബി.ഡി.എ) ആവശ്യപ്പെട്ട് സുപ്രീംകോടതി. ഇതിനായി നാലാഴ്ചകൂടി അനുവദിക്കുന്നതായും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കി. എൻ.ബി.ഡി.എക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ നാലാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. സിനിമതാരം സുശാന്ത് സിങ് രാജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്താചാനലുകളുടെ റിപ്പോർട്ടിങ്ങിൽ ബോംബെ ഹൈകോടതി 2021ൽ നടത്തിയ നിരീക്ഷണങ്ങൾക്കെതിരായാണ് എൻ.ബി.ഡി.എ സുപ്രീംകോടതിയിലെത്തിയത്.
വാർത്താചാനലുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ ത്രിതല സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും അതിൽ ആദ്യത്തേതാണ് സ്വയം നിയന്ത്രണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ഇതിനിടെ, 2022ലെ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഏക സംവിധാനം എൻ.ബി.എഫ്.ഐ ആണെന്നും എൻ.ബി.ഡി.എ അത്തരമൊരു സംവിധാനമല്ലെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കുവേണ്ടി (എൻ.ബി.എഫ്.ഐ) ഹാജരായ മഹേഷ് ജത്മലാനി അറിയിച്ചു.
ഇവ രണ്ടും തമ്മിലുള്ള തർക്കം കേൾക്കാനല്ല, സ്വയം നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തലാണ് കോടതിയുടെ മുൻഗണനയെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
ടി.വി വാർത്താചാനലുകൾക്കുള്ള നിലവിലെ സ്വയം നിയന്ത്രണ സംവിധാനത്തിൽ ഏറെ പാളിച്ചകളുണ്ടെന്ന് സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യമെന്നും സെൻസർഷിപ് ഏർപ്പെടുത്തുകയല്ല ഉദ്ദേശ്യമെന്നും വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അഭിപ്രായവും തേടിയിരുന്നു. വിഷയത്തിൽ എൻ.ബി.ഡി.എയുടെ അധ്യക്ഷൻ റിട്ട. ജസ്റ്റിസ് സിക്രി, മുൻ അധ്യക്ഷൻ റിട്ട. ജസ്റ്റിസ് രവീന്ദ്രൻ തുടങ്ങിയവരുടെ നിർദേശങ്ങൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മാർഗനിർദേശം ലംഘിക്കുന്ന ചാനലുകൾക്ക് നിലവിലെ പിഴ ഒരു ലക്ഷം രൂപ മാത്രമാണെന്നും ഇത് 2008ൽ ഏർപ്പെടുത്തിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ മാധ്യമവിചാരണ കോടതിയലക്ഷ്യം വിളിച്ചുവരുത്തുന്നതായിരുന്നുവെന്നും മാധ്യമങ്ങൾ ‘ലക്ഷ്മണരേഖ’ മറികടക്കരുതെന്നുമായിരുന്നു ബോംബെ ഹൈകോടതി നിരീക്ഷിച്ചിരുന്നത്.