ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷാശക്തമാക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡൽഹി സെക്രട്ടേറിയറ്റ്, ഡൽഹി നിയമസഭ, ചെങ്കോട്ട, രണ്ട് സ്കൂളുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് നേരയാണ് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. എന്നാലിത് വ്യാജമാണെന്ന് സുരക്ഷാ ഏജൻസികൾ നടത്തിയ പരിശോധനയിൽ തെളിഞ്ഞു.
ബോംബ് ഭീഷണികൾ വന്ന ഐ.പി അഡ്രസ്സുകൾ കണ്ടെത്താൻ സൈബർ ടീമുകൾ ശ്രമിക്കുന്നുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാൻ കുറ്റവാളികൾ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വി.പി.എൻ) ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ കുറ്റവാളികളെ പെട്ടെന്ന് കണ്ടെത്തുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ പ്രധാന സ്ഥാപനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
‘ഡൽഹി ബനേഗ ഖലിസ്ഥാൻ’ എന്ന് പറയുന്ന ഇമെയിലുകളിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഡൽഹി ആർമി സ്കൂൾ, ചെങ്കോട്ട, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.11ന് ആർമി സ്കൂളിലും 3.11ന് വിധാൻ സഭയിലും, രാവിലെ 9.11ന് ചെങ്കോട്ടയിലും സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് സന്ദേശങ്ങളിൽ പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ചെങ്കോട്ട, ഡൽഹി സെക്രട്ടേറിയറ്റ്, നിയമസഭാ സമുച്ചയം എന്നിവിടങ്ങളിൽ ബോംബ് ഡിസ്പോസൽ സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ഭീഷണിയുള്ള സ്ഥലങ്ങളിൽ സമഗ്ര പരിശോധന നടത്തിയെന്നും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. മുൻകരുതലായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

