അമിത് ഷായ്ക്ക് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേന കറങ്ങി നടന്നയാൾ അറസ്റ്റിൽ
text_fieldsമുംബൈ: മുംബൈ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷാ സംഘത്തിൽ കയറിപ്പറ്റിയ ആന്ധ്രാസ്വദേശി പിടിയിൽ. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെന്ന വ്യാജേന കറങ്ങി നടന്ന നിരോധിത മേഖലകളിൽ അടക്കം സ്വതന്ത്രമായി കറങ്ങിനടന്ന ഹേമന്ത് പവാർ എന്നയാളാണ് പിടിയിലായത്.
അമിത് ഷാ ദ്വിദിന സന്ദർശനത്തിന് മുംബൈയിൽ എത്തിയപ്പോഴായിരുന്നു സംഭവം. സന്ദർശനം അവസാനിപ്പിച്ച് ചൊവ്വാഴ്ച മടങ്ങിയെങ്കിലും ഇന്നാണ് ഇതേക്കുറിച്ച് വിവരം പുറത്തുവന്നത്. അറസ്റ്റിലായ ഹേമന്ത് പവാർ ആന്ധ്രപ്രദേശിലെ ഒരു എം.പിയുടെ പഴ്സണൽ സെക്രട്ടറിയാണെന്ന് അറിയുന്നു.
ഇയാൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഐഡി കാർഡ് ധരിച്ച് മണിക്കൂറുകളോളം അമിത് ഷായുടെ സുരക്ഷ സംഘത്തിലുണ്ടായിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായാണ് വേഷമിട്ടതെന്ന് പൊലീസ് പറഞ്ഞു. അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലാണ് ഹേമന്ത് പങ്കെടുത്തത്. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വീടിന് സമീപവും എത്തി.
പെരുമാറ്റത്തിൽ സംശയം തോന്നിയ ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ മുംബൈ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നു. ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റിൽ ഇയാളുടെ പേരില്ലെന്നും പൊലീസ് കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജൂലൈ 30 ന് ഉദ്ധവിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് വീഴ്ത്തി ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അമിത് ഷാ കഴിഞ്ഞ ദിവസം മുംബൈ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

