പാക് നുഴഞ്ഞുകയറ്റ ശ്രമം തകർത്തു; സൈനികന് വീരമൃത്യു
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ നൗഷേര സെക്ടറിൽ നുഴഞ്ഞുകയറാനുള്ള പാകിസ്താൻ സൈനികരുടെ ശ്രമം ഇന്ത്യൻ സൈന്യം തകർത് തു. ഇതേ തുടർന്ന് പാക് സൈന്യവുമായുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ സൈനിക ഓഫിസർ വീരമൃത്യു വരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. അതിർത്തി നിയന്ത്രണ രേഖയിൽ ഇന്ത്യൻ ഭാഗത്ത് 400 മീറ്റർ ഉള്ളിലേക്ക് കയറിയ പാക് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെപ്പുണ്ടായത്.
ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിക്കുകയായിരുന്നു പാക് സൈനികരുടെ ലക്ഷ്യം. ഭീകരർ പാകിസ്താനിലേക്കു തന്നെ രക്ഷപ്പെട്ടു.
പാക്അധീന കശ്മീരിൽ ഞായറാഴ്ച ഇന്ത്യൻ സൈന്യം നാലു ഭീകരകേന്ദ്രങ്ങൾ തകർത്തതിനു ശേഷം ആദ്യമായാണ് ഏറ്റുമുട്ടൽ. ചൊവ്വാഴ്ച ജമ്മു-കശ്മീരിലെ അതിർത്തി നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
കനത്ത ഷെല്ലാക്രമണത്തിൽ രണ്ടു നാട്ടുകാർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ മെൻധർ സെക്ടറിൽ ബാലാകോട്ട് മേഖലയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ ഗ്രാമീണരോട് ബങ്കറിനുള്ളിൽ കഴിയാൻ അധികൃതർ നിർദേശിച്ചു. സ്കൂളിലുള്ള കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
