കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ജമ്മു കശ്മീരിൽ സി.ആർ.പി.എഫിന്‍റെ ആവശ്യമുണ്ടാകില്ല -അമിത് ഷാ
text_fieldsശ്രീനഗർ: കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സി.ആർ.പി.എഫ് സേനയുടെ ആവശ്യമുണ്ടാകില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യമായാണ് കേന്ദ്ര സർക്കാറിലെ ഉത്തരവാദിത്വപ്പെട്ട ഒരാൾ കശ്മീലെ വൻ സൈനിക വിന്യാസം ഏതാനും വർഷങ്ങൾകൊണ്ട് പിൻവലിക്കുമെന്ന സൂചന നൽകുന്നത്.
ശ്രീനഗറിലെ മൗലാന ആസാദ് സ്റ്റേഡിയത്തിൽ സി.ആർ.പി.എഫ് ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീർ, നക്സൽ മേഖലകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സി.ആർ.പി.എഫ് സേന പ്രവർത്തിക്കുന്നത് ദൃഢനിശ്ചയത്തോടെയാണ്. ഏതാനും വർഷങ്ങൾകൊണ്ട് ഈ മൂന്നു മേഖലകളിലും സി.ആർ.പി.എഫ് സേനയുടെ ആവശ്യമുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. മൂന്നു മേഖലകളിലും പൂർണ സമാധാനം കൊണ്ടുവരാനാകും. അങ്ങനെ സംഭവിക്കുന്നെങ്കിൽ അതിന്‍റെ പൂർണ അംഗീകാരം സി.ആർ.പി.എഫിനാകുമെന്നും അമിത് ഷാ പറഞ്ഞു.
കശ്മീരിൽ സി.ആർ.പി.എഫ് സേനയുടെ വലിയ സാന്നിധ്യമാണുള്ളത്. സേനയുടെ നാലിലൊന്നും വിന്യസിച്ചിരിക്കുന്നത് കശ്മീരിലും പ്രാന്തപ്രദേശങ്ങളിലുമാണ്. സി.ആർ.പി.എഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവയെ കൂടാതെ കരസേന, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ സേനകളുടെയും സാന്നിധ്യം കശ്മീരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

