മുകേഷ് അംബാനിക്ക് സുരക്ഷ: ത്രിപുര ഹൈകോടതി നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുകേഷ് അംബാനിയുടെ കുടുംബത്തിന് കേന്ദ്ര സുരക്ഷ ഏർപ്പെടുത്തിയത് ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹരജിയിൽ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് സമൻസ് അയച്ച ത്രിപുര ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒരു കുടുംബത്തിന് നൽകുന്ന സുരക്ഷ പൊതുതാൽപര്യത്തിന് കീഴിൽ വരില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വാദിച്ചു. ചൊവ്വാഴ്ചയാണ് ഹൈകോടതി സമൻസ് അയച്ചതെങ്കിലും ജഡ്ജിമാർ ഹാജരാകാതിരുന്നതിനാൽ കേസിൽ വാദം നടന്നില്ല.
മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് സുരക്ഷയും ഭാര്യ നിത അംബാനിക്ക് വൈ പ്ലസ് സുരക്ഷയുമുണ്ടെന്ന് കേന്ദ്രം നേരത്തെ ഹൈകോടതിയിൽ അറിയിച്ചിരുന്നു. ഇതിന് അവർ പണം നൽകുന്നുണ്ട്. ഇവരുടെ മൂന്ന് മക്കൾക്ക് സുരക്ഷ നൽകുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
എന്നാൽ, മുകേഷിനും കുടുംബത്തിനുമെതിരായ ഭീഷണിയുടെ ഫയൽ ഹാജരാക്കണമെന്നായിരുന്നു ആക്ടിവിസ്റ്റ് ബികാഷ് സിങ് നൽകിയ ഹരജിയിൽ ഹൈകോടതി ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. അംബാനിയുടെ സുരക്ഷക്കെതിരെ ദുരുദ്ദേശ്യത്തോടെയാണ് ഹരജിക്കാരൻ ഹൈകോടതിയിൽ എത്തിയതെന്നും മഹാരാഷ്ട്ര സർക്കാറിന്റെ നിർദേശപ്രകാരമാണ് സുരക്ഷ ഏർപ്പെടുത്തിയതെന്നും ത്രിപുര ഹൈകോടതിക്ക് ഈ ഹരജി പരിഗണിക്കാൻ കാരണങ്ങളില്ലെന്നും കേന്ദ്രം വാദിച്ചു.