സുരക്ഷാ വീഴ്ച; നാവികസേന ഉദ്യോഗസ്ഥനെന്ന വ്യാജേന ആയുധങ്ങളുമായി യുവാവ് കടന്നു കളഞ്ഞു
text_fieldsഎ.ഐ ചിത്രം
മുംബൈ: നാവികസേന ഉദ്യോഗസ്ഥനെന്ന വ്യാജേന അഗ്നിവീറിന്റെ റൈഫിളും 40 വെടിയുണ്ടകളുമായി കടന്നു കളഞ്ഞ് യുവാവ്. സെപ്റ്റംബർ ആറിന് വൈകുന്നേരമാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാവൽ ജോലിയിലുണ്ടായിരുന്ന ജൂനിയർ നാവികസേന ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്.
കഫെ-പരേഡിലെ ന്യൂ നേവി നഗറിലെ എ.പി ടവറിൽ റഡാർ പ്രൊട്ടക്ടർ ഗാർഡായി ജോലി ചെയ്തിരുന്ന ജൂനിയർ ഉദ്യോഗസ്ഥന്‍റെ അടുത്ത് നാവികസേന വേഷത്തിൽ സമീപിച്ച ഇയാൾ പകരക്കാരനാണെന്ന് അവകാശപ്പെട്ടു. ഉദ്യോഗസ്ഥനോട് ഹോസ്റ്റലിലേക്ക് തിരികെ പോകാൻ നിർദേശിക്കുകയും ആയുധം കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇൻസാസ് റൈഫിളും മൂന്ന് മാഗസിനുകളും ഇയാൾക്ക് കൈമാറി. രണ്ട് മാഗസിനുകളിലായി 20 വെടിയുണ്ടകൾ വീതമുണ്ടായിരുന്നു.
എന്നാൽ അൽപസമയത്തിന് ശേഷം ജൂനിയർ ഉദ്യോഗസ്ഥൻ മറന്നുവെച്ച തന്‍റെ വാച്ച് എടുക്കാൻ തിരിച്ചെത്തിയതോടെയാണ് ഇയാൾ അപ്രത്യക്ഷമായത് ശ്രദ്ധയിൽപെട്ടത്. ആയുധങ്ങളുമായി കടന്നുകളഞ്ഞ വ്യക്തിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാവിക സേനയും മുംബൈ പൊലീസും ഇയാൾക്കായി വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്.
സംഭവം സുരക്ഷാ ഏജൻസികളിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിൽ നിന്ന് സൈനിക റൈഫിളുമായി കടന്നുകളഞ്ഞ ആൾമാറാട്ടക്കാരനെ തിരിച്ചറിയാനും പിടികൂടാനും എ.ടി.എസും മുംബൈ ക്രൈംബ്രാഞ്ചും ഇപ്പോൾ നാവികസേനയുമായി ഏകോപിപ്പിച്ച് ശ്രമങ്ങൾ നടത്തുകയാണ്.
അന്വേഷണത്തിന്‍റെ ഭാഗമായി ആയുധം കൈമാറിയ നാവിക ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്തു വരികയാണ്. സുരക്ഷാ വീഴ്ചയാണിതെന്ന് അധികൃതർ സമ്മതിച്ചു. റസിഡൻഷ്യൽ കോംപ്ലക്സിൽ എത്തിയതും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

