ഓപറേഷൻ സിന്ദൂറിന് പിന്നാലെ യു.പിയിൽ സുരക്ഷ അലർട്ട്
text_fieldsലഖ്നോ: സിന്ദൂർ സൈനിക നടപടിക്ക് പിന്നാലെ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന പൊലീസിന്റെ എല്ലാ ഫീൽഡ് യൂനിറ്റുകളോടും സുരക്ഷ സേനകളുമായി ഏകോപനം നടത്താൻ നിർദേശിച്ചതായി യു.പി ഡി.ജി.പി പ്രശാന്ത് കുമാർ അറിയിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ വർധിപ്പിക്കാൻ നിർദേശമുണ്ട്.
സംസ്ഥാനത്തെ ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കാൻ പൂർണ സജ്ജമാണ്. യു.പി പൊലീസ് ജാഗ്രതയോടെയിരിക്കുകയാണെന്നും പ്രശാന്ത് കുമാർ എക്സിൽ കുറിച്ചു.
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് കരസേന തകർത്തത്. നാല് ജയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. കോട്‍ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
പഹൽഗാമിൽ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനൽകാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

