പഹൽഗാം ഭീകരാക്രമണം: ഭീകരരുടെ പാക് പൗരത്വത്തിന് തെളിവുമായി സുരക്ഷ ഏജൻസികൾ
text_fieldsശ്രീനഗർ: ജൂലൈ 28ന് ‘ഓപറേഷൻ മഹാദേവി’ൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർ പാക് പൗരന്മാർ തന്നെയെന്ന് ഉറപ്പിച്ച് സുരക്ഷ ഏജൻസികൾ. ഇവരുടെ ബയോമെട്രിക് വിവരങ്ങൾ, പാക് സർക്കാർ നൽകിയ രേഖകൾ, ഉപയോഗിച്ച പാക് നിർമിത വസ്തുക്കൾ എന്നിവ വെച്ചാണ് മുതിർന്ന ലശ്കർ ഭീകരരെ തിരിച്ചറിഞ്ഞത്. ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണം നടത്തിയ ഇവർ ഡാച്ചിഗാം-ഹർവാൻ വനമേഖലയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നെന്നും സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. സുലൈമാൻ ഷാ എന്ന ഫൈസൽ ജാട്ട്, അബൂ ഹംസ എന്ന അഫ്ഗാൻ, യാസിർ എന്ന ജിബ്രാൻ എന്നിവരാണ് മൂന്നുപേർ.
പാകിസ്താന്റെ ദേശീയ ഡേറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റിയുടെ (എൻ.എ.ഡി.ആർ.എ) ബയോമെട്രിക് വിവരങ്ങൾ, ലാമിനേറ്റ് ചെയ്ത വോട്ടർ സ്ലിപ്പുകൾ, ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ വിവരങ്ങൾ, ജി.പി.എസ് രേഖകൾ എന്നിവയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഷായുടെയും ഹംസയുടെയും ശരീരത്തിൽനിന്നാണ് പാക് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ വോട്ടർ ഐ.ഡികൾ കണ്ടെത്തിയത്. കേടുവന്ന സാറ്റലൈറ്റ് ഫോണിലെ ചെറിയ എസ്.ഡി കാർഡും ലഭിച്ചു. ഇതിലാണ് ഇവരുടെ വിരലടയാളം, കുടുംബ വിവരങ്ങൾ എന്നിവയെല്ലാമുള്ളത്. പാക് അധീന കശ്മീരിലെ റവാലകോട്ടിലെ ചംഗമംഗ, കൊയാൻ പ്രദേശക്കാരാണ് ഭീകരരെന്ന് ഇത് തെളിയിക്കുന്നു. നാട്ടുകാരിലൊരാളും പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തില്ലെന്നും സുരക്ഷ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇവരിൽനിന്ന് കറാച്ചിയിൽ നിർമിച്ച ചോക്കലേറ്റുകളുടെ പൊതികളും കണ്ടെത്തി. പഹൽഗാമിൽ ലഭിച്ച കീറിയ കുപ്പായത്തിൽനിന്ന് ശേഖരിച്ച ഡി.എൻ.എ സാമ്പിളുകളും ഈ പ്രതികളിലേക്ക് സൂചന നൽകുന്നതായി. 2022 മേയിൽ വടക്കൻ കശ്മീരിലെ ഗുറെസ് സെക്ടർ വഴിയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നത്. ഭീകരാക്രമണത്തിന് തലേന്ന് ഏപ്രിൽ 21ന് ബായ്സരണിന് രണ്ട് കിലോമീറ്റർ മാറി ഹിൽ പാർക്കിലെ തമ്പിൽ മൂവരും അഭയം തേടി. ഇവർക്ക് ഭക്ഷണം നൽകിയതിന് നാട്ടുകാരായ രണ്ടുപേർ പിടിയിലായിരുന്നു. ഭീകരർ ഉപയോഗിച്ച ‘വാവയ്’ കമ്പനി സാറ്റലൈറ്റ് ഫോൺ ആക്രമണത്തിനുശേഷവും കൈവശം വെച്ചത് പിന്തുടർന്നാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികളുടെ രേഖാചിത്രം ഏപ്രിൽ 24ന് ജമ്മു-കശ്മീർ പൊലീസ് പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

