ബി.ജെ.പിക്ക് മതേതരത്വം കയ്പേറിയ വാക്ക്, അവരത് ഭരണഘടനയിൽ നിന്നും നീക്കണമെന്ന് ആഗ്രഹിക്കുന്നു- സ്റ്റാലിൻ
text_fieldsതിരുനെൽവേലി: ബി.ജെ.പിക്ക് മതേതരത്വം കയ്‌പേറിയ വാക്കാണെന്നും ഭരണഘടനയിൽ നിന്നും ആ വാക്ക് നീക്കം ചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബി.ജെ.പിയുടെ വിനാശകരമായ പദ്ധതികൾക്കെതിരെ ഡി.എം.കെ പോരാടുമെന്നും സ്റ്റാലിൻപറഞ്ഞു. ശനിയാഴ്‌ച തിരുനെൽവേലിയിൽ നടന്ന ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. വിശ്വാസത്തിന്റെ വിത്തുകൾ വിതക്കുന്ന കാരുണ്യം പ്രകടിപ്പിക്കുന്ന, സമാധാനത്തിലേക്ക് നയിക്കുന്ന ഒരു ഉത്സവമാണ് ക്രിസ്മസ്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സഹോദരങ്ങളെപ്പോലെ ജീവിക്കണം, ഇത്തരം ചടങ്ങുകൾ അതിന് സഹായകമാകുമെന്നും സ്റ്റാലിൻ പറഞ്ഞു.
തെക്കൻ തമിഴ്‌നാട്ടിൽ ധാരാളം സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് അടിത്തറയായി പ്രവർത്തിക്കുന്നത് സാറാ ടക്കർ കോളേജ് പോലുള്ള സ്ഥാപനങ്ങളാണ്. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം സാധ്യമാക്കുന്നതിൽ ക്രിസ്ത്യൻ മിഷനറിയായിരുന്ന സാറ ടക്കർ നടത്തിയത് മികച്ച സേവനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ സമാധാനം തകർക്കാനും ഐക്യത്തോടെ ജീവിക്കുന്ന ആളുകളെ ഭിന്നിപ്പിക്കാനും എങ്ങനെ കഴിയുമെന്ന് പലരും ചിന്തിക്കുന്നുണ്ട്. ആത്മീയതയുടെ പേരിൽ ചില സംഘടനകൾ നമ്മെ അക്രമത്തിലേക്ക് നയിക്കുന്നത് സംസ്ഥാനവും ഡി.എം.കെയും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി മതേതരത്വം എന്ന ആശയത്തെ വെറുക്കുന്നു. ന്യൂനപക്ഷ സമുദായങ്ങൾക്ക് കേന്ദ്ര സർക്കാർ ഭീഷണി ഉയർത്തുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ തങ്ങൾ ശക്തമായി എതിർത്തിരുന്നതായും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിക്ക് മതേതരത്വം എന്ന വാക്ക് വേപ്പിൻകായ പോലെ കയ്പേറിയതാണ്. ഭരണഘടനയിൽ നീക്കം ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നു.’ സ്റ്റാലിൻ പറഞ്ഞു.
രാജ്യത്തിന്റെ വൈവിധ്യം നശിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലും അവരുടെ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഡി.എം.കെ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാജ്യത്തിന്റെ വൈവിധ്യത്തെ നശിപ്പിക്കുന്നു. ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു തെരഞ്ഞെടുപ്പ്, ഒരു പാർട്ടി, ഒരു നേതാവ് എന്നിങ്ങനെ സ്വേച്ഛാധിപത്യ ഭാവി സൃഷ്ടിക്കാൻ അവർ ലക്ഷ്യമിടുന്നു. തമിഴ്‌നാട്ടിലും അവർ ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ബി.ജെ.പിയുടെ ദുഷ്ട പദ്ധതികളെ എതിർക്കാനും പരാജയപ്പെടുത്താനുള്ള ശക്തി ഡി.എം.കെക്കുണ്ട്,’ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

