ന്യൂഡൽഹി: ഡൽഹിയിൽ കോവിഡിൻെറ രണ്ടാം വ്യാപനമുണ്ടാവുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതർ. ബുധനാഴ്ച 2,509 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ഡൽഹിയിൽ പ്രതിദിനം ഇത്രയും പേർക്ക് രോഗമുണ്ടാവുന്നത്. ഇതോടെ ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 16,502 ആയി വർധിച്ചു.
ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ലഫ്റ്റനൻറ് ഗവർണർ മുഖ്യമന്ത്രിയുടേയും എയിംസ്, നീതി ആയോഗ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു. കഴിഞ്ഞ ദിവസം 28,835 ടെസ്റ്റുകളാണ് ഡൽഹിയിൽ നടത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഡൽഹിയിലെ ഏറ്റവും വലിയ കോവിഡ് ചികിൽസ കേന്ദ്രമായ ലോക് നായിക് ജയ്പ്രകാശ് നാരയൺ ആശുപത്രിയിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം വലിയ രീതിയിൽ വർധിച്ചുവെന്നും കൂടുതൽ ചികിൽസ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമം തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.