‘സെബി മൗനത്തിലാണ്, മോദി സർക്കാർ കണ്ണടച്ചിരിക്കുന്നു’; ചെറുകിട നിക്ഷേപകരുടെ ആയിരക്കണക്കിന് കോടികൾ വെട്ടിച്ച ജെയ്ൻ സ്ട്രീറ്റ് അഴിമതി തുറന്നുകാട്ടി രാഹുൽ
text_fieldsന്യൂഡൽഹി: ചെറുകിട നിക്ഷേപകരെ വെട്ടിച്ച് വൻ സ്രാവുകൾ കോടികൾ ഊറ്റുമ്പോൾ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ ‘സെബി’ നിശബ്ദത പാലിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ‘കണ്ണടച്ച് ഇരിക്കുന്നു’ വെന്നും കടുത്ത ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ ജെയ്ൻ സ്ട്രീറ്റ് (ജെ.എസ്) മികച്ച നേട്ടങ്ങൾ നേടുന്നതിനായി ഒരേസമയം കാഷ്, ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് വിപണികളിൽ പന്തയം വെച്ച് സൂചികകളിൽ കൃത്രിമം കാണിച്ചതിന് കുറ്റക്കാരനാണെന്ന് മാർക്കറ്റ് റെഗുലേറ്ററായ സെബി കണ്ടെത്തിയിരുന്നു. തുടർന്ന് ഹെഡ്ജ് ഫണ്ടിനെ വിപണിയിൽ പ്രവേശിക്കുന്നതിൽനിന്ന് തടയുകയും 4,843 കോടി രൂപയിലധികം കണ്ടുകെട്ടുകയും ചെയ്തു. കൃത്രിമത്വത്തിലൂടെ 2023 ജനുവരി മുതൽ 2025 മെയ് വരെയുള്ള കാലയളവിൽ ജെ.എസ് 36,671 കോടി രൂപയുടെ അറ്റാദായം നേടിയതായും അന്വേഷണത്തിൽ കണ്ടെത്തി.
‘2024ൽ ഞാനിത് വ്യക്തമായി പറഞ്ഞതാണ്. എഫ് & ഒ വിപണി വലിയ കളിക്കാർക്കുള്ള കളിസ്ഥലമായി മാറിയിരിക്കുന്നു. ചെറുകിട നിക്ഷേപകരുടെ പോക്കറ്റുകൾ തുടർച്ചയായി ചോർന്നുകൊണ്ടിരിക്കുന്നു’- രാഹുൽ തന്റെ ‘എക്സ്’ ഹാൻഡിൽ എഴുതി. ഇപ്പോൾ സെബി തന്നെ സമ്മതിക്കുന്നു. ജെയ്ൻ സ്ട്രീറ്റ് ആയിരക്കണക്കിന് കോടി രൂപയുടെ കൃത്രിമം നടത്തിയെന്ന്. എന്തുകൊണ്ടാണ് സെബി ഇത്രയും കാലം മൗനം പാലിച്ചത്? ആരുടെ നിർദേശപ്രകാരമാണ് മോദി സർക്കാർ കണ്ണടച്ച് ഇരുന്നത്? എത്ര വലിയ സ്രാവുകൾ ഇപ്പോഴും ചെറുകിട നിക്ഷേപകരെ വെട്ടിക്കുന്നുണ്ട്? എല്ലാ സാഹചര്യങ്ങളും വ്യക്തമാണ്. മോദി സർക്കാർ സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും സാധാരണ നിക്ഷേപകരെ നാശത്തിന്റെ വക്കിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇക്കാര്യം പോസ്റ്റ് ചെയ്തതും രാഹുൽ ചൂണ്ടിക്കാട്ടി: ‘അനിയന്ത്രിതമായ എഫ് & ഒ വ്യാപാരം 5 വർഷത്തിനുള്ളിൽ 45 മടങ്ങായി വളർന്നു. ചെറുകിട നിക്ഷേപകരിൽ 90ശതമാനം പേർക്കും 3 വർഷത്തിനുള്ളിൽ 1.8 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു. സ്വന്തം ചെലവിൽ കൊലപാതകം നടത്തുന്ന ‘വലിയ കളിക്കാർ’ എന്ന് വിളിക്കപ്പെടുന്നവരുടെ പേരുകൾ സെബി വെളിപ്പെടുത്തണം.
ജെയ്ൻ സ്ട്രീറ്റ് 2000 ലാണ് സ്ഥാപിതമായത്. കഴിഞ്ഞ വർഷം അതിന്റെ വാർഷിക വരുമാനം 20.5 ബില്യൺ ഡോളറായിരുന്നു. വിലകൾ സ്ഥിരവും വിശ്വസനീയവുമായി നിലനിർത്തുന്നതിന് ‘സങ്കീർണ്ണമായ അളവ് വിശകലനവും മാർക്കറ്റ് മെക്കാനിക്‌സിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും’ ഉപയോഗിക്കുന്ന ഒരു സ്ഥാപനമായാണ് അവർ അതിന്റെ വെബ്‌സൈറ്റിൽ സ്വയം വിശേഷിപ്പിക്കുന്നത്.
നാല് ഗ്രൂപ്പ് സ്ഥാപനങ്ങളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. അവയിൽ രണ്ടെണ്ണം ഇന്ത്യയിലാണ്. മറ്റ് രണ്ടെണ്ണം ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണ്. 2020 ഡിസംബറിൽ കമ്പനി ഇന്ത്യയിലെ ആദ്യത്തെ യൂനിറ്റ് ആരംഭിച്ചു. മറ്റ് രണ്ട് ഏഷ്യൻ സ്ഥാപനങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിദേശ നിക്ഷേപകരായി പ്രവർത്തിക്കുന്നു. ജെയ്ൻ സ്ട്രീറ്റിന്റെ വലിയ തോതിലുള്ള വാങ്ങലുകൾ റീട്ടെയിൽ നിക്ഷേപകരെ നിക്ഷേപിക്കാൻ സ്വാധീനിച്ചു. ഇത് വിപണി കൃത്രിമത്വത്തിലേക്ക് നയിച്ചതായും സെബി കണ്ടെത്തി.
അഴിമതി ആരോപണങ്ങളുടെ പേരിൽ സെബിയുടെ മുൻ ചെയർപേഴ്‌സൺ മാധവി പുരി ബുച്ചിനെ പ്രതിപക്ഷം ആവർത്തിച്ച് ആക്രമിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് ഹെഡ്ജ് അഴിമതിയുടെ പൂഴ്ത്തിവെച്ച കഥകൾ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

