എ.സി തകരാറിലായി; രണ്ട് മണിക്കൂറിന് ശേഷം ഇരുനൂറിലേറെ യാത്രക്കാരെ തിരിച്ചിറക്കി എയർ ഇന്ത്യ
text_fieldsഎ.സി തകരാറിലായതിനെ തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കുന്നു
ന്യൂഡൽഹി: ഡൽഹിയിൽനിന്ന് സിംഗപ്പൂരിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിൽ എ.സി തകരാറായതിനെതുടർന്ന് 200ലധികം യാത്രക്കാരെ തിരിച്ചിറക്കി. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രി 11 മണിയോടെ പുറപ്പെടേണ്ട എ.ഐ 2380 ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിലെ യാത്രക്കാരെയാണ് എ.സി തകരാറായതിനെ തുടർന്ന് തിരിച്ചിറക്കിയത്.
വിമാനത്തിൽ യാത്രക്കാർ കയറി ഏറെ സമയത്തിന് ശേഷമാണ് വൈദ്യുതിയും എ.സിയും തകരാറിലാണെന്ന വിവരം അറിയുന്നത്. തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. ജിവനക്കാർ യാത്രക്കാരോട് കാരണം വ്യക്തമാക്കിയിട്ടില്ലെന്നും യാത്രക്കാരിൽ ഒരാൾ അഭിപ്രായപ്പെട്ടു. സംഭവത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യാത്രക്കാർ വിമാനത്തിലെ മാസികകളും പത്രങ്ങളും ഉപയോഗിച്ച് കാറ്റ് വീശുന്നതിന്‍റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ജയ്പൂരിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സമാനമായ പ്രശ്നം യാത്രക്കാർ നേരിട്ടിരുന്നു. എയർ കണ്ടീഷനിങ് ഇല്ലാതെ അഞ്ച് മണിക്കൂർ വിമാനത്തിനുള്ളിൽ കുടുങ്ങിയതായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരി പരാതിപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തടർന്ന് എയർ കണ്ടീഷനിങ് സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് സംഭവത്തിൽ എയർലൈൻ പ്രതികരിച്ചു.
ഡൽഹിയിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും കഴിഞ്ഞ മേയ് മാസം സമാനമായ സംഭവം ഉണ്ടായി. യാത്ര മാധ്യേ എ.സി തകരാറിലായതായി യാത്രക്കാർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

